Tuesday

എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

യാചകരുടെ കയ്യിലെ കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് എപ്പോഴും ഉറങ്ങുന്നു.!!
എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ഒരു ദിവസം രാവിലെ നഗര മധ്യത്തിലെ പാലത്തിനടിയില്‍ നല്ല തിരക്കുള്ള സ്ഥലത്ത് ഉറങ്ങുന്നൊരു കുഞ്ഞിനേയും മടിയില്‍ കിടത്തി ഒരു സ്ത്രീ നിസ്സങ്കയായി ഇരിക്കുന്നു. അടുത്തു വെച്ച പാത്രത്തില്‍ ആളുകള്‍ തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് നടന്നു പോവുന്നു.
ഇതൊരു സാധാരണ കാഴ്ച്ച മാത്രം.

വൈകീട്ട് തിരിച്ചു വരുമ്പോഴും അതെ കാഴ്ച്ച. ഒരു മാറ്റവുമില്ല. ഉറങ്ങുന്ന കുഞ്ഞും അമ്മയും അതെ ഇരുപ്പ് തന്നെ.

എല്ലാ ദിവസവും ഈ കാഴ്ച്ച ഒരു മാറ്റവുമില്ലാതെ തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നു എനിക്ക് തോന്നി.

കുഞ്ഞുങ്ങളുടെ പ്രകൃതം എനിക്കറിയാം. ഒരു മണിക്കൂര്‍ പോലും തുടര്‍ച്ചയായി അവര്‍ ഉറങ്ങില്ല. ബഹളം നിറഞ്ഞ നഗര മധ്യത്തില്‍ പ്രത്യേകിച്ചും. അതെ സമയം ഈ കുഞ്ഞു
ഒരിക്കലും ഉണര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

അങ്ങിനെ ഒരിക്കല്‍ ഞാന്‍ ആ യാചക സ്ത്രീയുടെ അടുത്തു ചെന്ന്. മെല്ലെ ചോദിച്ചു: കുഞ്ഞു എന്ത് കൊണ്ടാണ് എല്ലാ സമയത്തും ഉറങ്ങുന്നത്?
മറുപടിക്ക് പകരം അവര്‍ തല തിരിച്ചു കളഞ്ഞു. എന്റെ ചോദ്യം ഉച്ചത്തില്‍ ആയപ്പോഴും അവര്‍ പ്രതികരിച്ചില്ല.

ചോദ്യം തുടരുമ്പോള്‍ പിന്നില്‍ നിന്ന് എന്റെ ചുമലില്‍ ഒരു കൈ മെല്ലെ സ്പര്‍ശിച്ചു. ഒരു മധ്യവയസ്കനാണ്.
'നിങ്ങള്‍ക്ക് ഈ യാചക സ്ത്രീയില്‍ നിന്ന് എന്താണ് വേണ്ടത്? എന്തിനാണ് പാവങ്ങളെ ഉപദ്രവിക്കുന്നത്?' അയാള്‍ ചോദിച്ചു.
എന്നിട്ട് ചുമലിലെ കൈ മെല്ലെ മാറ്റി ഒരു നാണയ തുട്ട് ആ പാത്രത്തിലിട്ട് സ്വാഭാവികമായി അയാള്‍ നടന്നു പോയി.

പിറ്റേ ദിവസം തൊട്ടടുത്തൊരു കെട്ടിടത്തില്‍ എന്റെ ഒരു സുഹൃത്തിന്റെ മുറിയില്‍ നിന്നും ഞാന്‍ രംഗം വീക്ഷിക്കാന്‍ തീരുമാനിച്ചു.

രംഗം പഴയ പോലെ തന്നെ. ഒരു മാറ്റവുമില്ല. വീണ്ടും കാര്യം അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ചോദ്യം പല തവണ ഉച്ചത്തില്‍ ചോദിക്കേണ്ടി വന്നപ്പോള്‍ ആള് കൂടി.
എന്റെ ഉദ്ദേശം എന്തെന്ന് കേള്‍ക്കാനോ , എന്തെങ്കിലും പറയാനോ എനിക്ക് അവസരം കിട്ടിയില്ല. അതിനു മുമ്പ് ആളുകള്‍ ശകാരിച്ചു കൊണ്ട് ബലമായി പിടിച്ച് എന്നെ ദൂരേ കൊണ്ട് പോയി തള്ളി.

പോലീസിനെ വിവരം അറിയിക്കേണ്ടി വരുന്ന അവസ്ഥയായി. പോലീസിനു ഫോണ്‍ ചെയ്തപ്പോഴേക്കും സ്ത്രീയും കുഞ്ഞും അപ്രത്യക്ഷമായി.

സ്ഥലത്തെ കൂട്ടുകാരനുമായി വിഷയം സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.

കുഞ്ഞുങ്ങള്‍ വാടകയ്ക്ക് കൊടുക്കപ്പെടുകയോ മോഷ്ടിച്ച് കൊണ്ട് വരപ്പെടുകയോ ആണ്.

സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപയോഗിച്ച് യാചന ഒരു ബിസിനസായി നടത്തുന്ന റാക്കെറ്റിന്റെ ഒരു കണ്ണി മാത്രമാണ് ഞാന്‍ കണ്ടത്.

കുഞ്ഞിനു വയറു നിറയെ ചാരായമോ കഞ്ചാവോ നല്‍കുകയാണ്.
ഒരു പകല്‍ മുഴുവന്‍ ഉറങ്ങുന്നതിനിടയില്‍ തന്നെ കുഞ്ഞുങ്ങള്‍ പലപ്പോഴും മരണപ്പെട്ടു പോവുന്നു. അങ്ങനെ മരണം നടന്നാലും, വൈകും വരെയുള്ള അന്നത്തെ യാചന ആ ശവശരീരം വെച്ച് കൊണ്ട് തന്നെ നടക്കും.

പിറ്റേ ദിവസത്തേക്ക് വേറെ കുഞ്ഞു വരും.

ഉറങ്ങുന്ന കുഞ്ഞിന്റെ ദൈന്യതയിലേക്ക്‌ നമ്മള്‍ എറിഞ്ഞു കൊടുക്കുന്ന തുട്ടുകള്‍ ആണ് ഭീകരമായ ഈ ബിസിനസ് നിലനിര്‍ത്തുന്നത്.

നമ്മള്‍ എറിയുന്ന തുട്ടുകള്‍ കുഞ്ഞുങ്ങളുടെ ജീവന്‍ എടുക്കുകയാണ്. അവരെ സംരക്ഷിക്കുകയല്ല.

അതിനാല്‍ ഇതുപോലുള്ള യാചകരെ കാണുമ്പോള്‍ ദയാ വായ്പ്പോടെ പോക്കെറ്റില്‍ കയ്യിടാന്‍ വരട്ടെ. ഒന്ന് ചിന്തിക്കുക.
നിങ്ങളറിയാതെ ഈ ബിസിനസ്സുകാരെ നിലനിര്‍ത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

ഈ വിവരം അറിഞ്ഞു കഴിഞ്ഞ സ്ഥിധിക്ക് ഇനി നിങ്ങളിത് ഓര്‍ക്കുമല്ലോ.

Monday

മുടിയില്‍ തൂങ്ങി നദി കടക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു..


Sailendra-Nath-Roy_died
മുടിയില്‍ തൂങ്ങി നദി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം വന്ന സാഹസികന്‍ മരിച്ചു. പശ്ചിമ ബംഗാള്‍ പോലീസില്‍ ഹോം ഗാര്‍ഡായ ശൈലേന്ദ്ര നാഥ് റോയി (48) ആണ് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്.
മുടിയില്‍ തൂങ്ങി കൂടുതല്‍ ദൂരം സഞ്ചരിച്ചതിന്റെ ലോകറെക്കോഡ് നിലവില്‍ ശൈലേന്ദ്ര നാഥ് റോയുടെ പേരിലാണ്. 2011 മാര്‍ച്ച് 1ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് 270 അടി മുടിയില്‍ തൂങ്ങി സഞ്ചരിച്ച് റോയ് ലോകറെക്കോഡ് സ്ഥാപിച്ച്. തന്റെ പേരിലുള്ള റെക്കോഡ് തിരുത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
എഴുപത് അടി ഉയരത്തില്‍ സ്ഥാപിച്ച സിപ്പ് വയറിലൂടെ അറുന്നൂറ് അടി സഞ്ചരിക്കുകയായിരുന്നു ശൈലേന്ദ്രയുടെ ലക്ഷ്യം. ബംഗാളിലെ ഡാര്‍ജിലിംഗിലുള്ള തീസ്ത നദിക്ക് കുറുകെയായിരുന്നു മുടിയില്‍ തൂങ്ങിയുള്ള സാഹസിക പ്രകടനം. സമുദ്രനിരപ്പില്‍ നിന്നും 10000 അടി ഉയരത്തിലായിരുന്ന സാഹസിക പ്രകടനത്തിനുള്ള വേദി സജ്ജമാക്കിയിരുന്നത്.
നാല്‍പ്പത് ശതമാനത്തോളം ദൂരം മുടിയില്‍ തൂങ്ങി സഞ്ചരിച്ചതിന് ശേഷമാണ് കയറില്‍ ഘടിപ്പിച്ച കപ്പിയില്‍ മുടി കുടുങ്ങിയത്. കപ്പിയില്‍നിന്ന് മുടി വേര്‍പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. മുടി വേര്‍പെടുത്താന്‍ സാധിക്കാതെ വന്നപ്പോള്‍ കയ്യില്‍ തൂങ്ങി ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.
ശൈലേന്ദ്രയുടെ പ്രകടനം നേരിട്ട് കാണാന്‍ ആയിരക്കണക്കിന് പേരാണ് എത്തിയിരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ശൈലേന്ദ്ര മരണത്തിന് കീഴടങ്ങിയതിന് ശേഷവും കാണികളില്‍ ഭൂരിഭാഗവും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. റോയുടെ ശരീരം നിശ്ചലമായതോടെയാണ് സംഘാടകര്‍ അപകടം മണത്തത്.
എന്നാല്‍ 70 അടി ഉയരത്തിലായതിനാല്‍ ആര്‍ക്കും എളുപ്പത്തില്‍ ഒന്നും ചെയ്യാനാകുമായിരുന്നില്ല. 45 മിനിറ്റോളം മൃതദേഹം നദിക്കു കുറുകേ തൂങ്ങി കിടന്നതിന് ശേഷമാണ് ക്രെയിന്‍ ഉപയോഗിച്ചാണ് നിലത്തിറക്കാനായത്. നിലത്തിറക്കിയ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2012 സെപ്തംബറില്‍ മുടിയില്‍ ബന്ധിച്ച് 42 ടണ്‍ ഭാരമുള്ള ട്രെയിന്‍ 2.5 മീറ്റര്‍ വലിച്ചു നീക്കി റോയ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേസമയം സാഹസിക പ്രകടനത്തിന് ആവശ്യമായ മുന്‍കൂര്‍ അനുമതി റോയ് തേടിയിരുന്നില്ലെന്ന് സിലിഗുരി പോലീസ് കമ്മീഷണര്‍ കെ.ജയറാം പറഞ്ഞു.

ഓഗസ്റ്റ് ക്ലബിലെ ലൈംഗിക ബന്ധങ്ങള്‍..


         മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രചിന്തകനും എഴുത്തുകാരനും നടനും വിവര്‍ത്തകനുമൊക്കെയായി സാംസ്‌കാരിക കേരളത്തില്‍ അറിയപ്പെടുന്ന കെ.ബി വേണുവിന്റെ ആദ്യചലച്ചിത്രമാണ് ആഗസ്റ്റ് ക്ലബ്. മലയാളത്തില്‍ ജനപ്രിയതയിലും രചനാവൈശിഷ്ട്യത്തിലും ഏറ്റവും മേലേ നില്ക്കുന്ന പത്മരാജന്റെ മകന്‍ ആയ അനന്തപത്മനാഭന്റെ ആദ്യത്തെ തിരക്കഥയുമാണ് ചിത്രം. പക്ഷേ, രണ്ടുപേരും പ്രതീക്ഷകള്‍ കാത്തോ എന്നു സംശയിപ്പിക്കുകയാണ് ആഗസ്റ്റ് ക്ലബ്ബിന്റെ കാഴ്ചാനുഭവം.August
ആഗസ്റ്റ് ക്ലബില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് അദ്ദേഹമായിത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. മാപ്പുസാക്ഷി മുതല്‍ എഴുതാപ്പുറങ്ങള്‍ വരെയുള്ള സിനിമകള്‍ക്ക് ശേഷം നീണ്ട ഇടവേളയ്ക്കുശേഷമാണ് അദ്ദേഹം സ്വയം ആവിര്‍ഭവിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആഗസ്റ്റ് ക്ലബിനെപ്പറ്റി പറയാം. ഒരു ചെസ് കളിക്കാരിയും ഒരു ചെസ് കളിക്കാരനും തമ്മിലുള്ള ബന്ധവും ആ ബന്ധത്തില്‍ അന്തര്ലീബനമായ വൈരുദ്ധ്യങ്ങളും സമസ്യകളുമാണ് ആഗസ്റ്റ് ക്ലബിന്റെ കേന്ദ്രപ്രമേയം. എങ്കിലും സുഖാനുഭവത്തിന്റെയും ദുഖാനുഭവത്തിന്റെയും വാസ്തവം എന്തെന്നറിയാതെ, ദുഃഖവിസ്മയം കൊള്ളുന്ന മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അവബോധവും ഈ ചിത്രത്തിലുണ്ട്.
നന്ദന്‍ – സാവിത്രി ദമ്പതികളുടെ കുടുംബജീവിതമാണ് ആഗസ്റ്റ് ക്ലബിന്റെ കഥാപരിസരം. അവര്‍ക്ക് രണ്ടു മക്കളുണ്ട്. വിവാഹം കഴിഞ്ഞിട്ട് എട്ടു വര്‍ഷമായിരിക്കുന്നു. കടലോരത്തെ വീട്ടിലാണു താമസം. നന്ദന് നിന്നുതിരിയാനാകാത്തത്ര ജോലിത്തിരക്കുകളുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷമിത്രയായിട്ടും നന്ദന് ഭാര്യയിലുള്ള തൃഷ്ണയൊടുങ്ങിയിട്ടില്ല. അവള്‍ക്കും ഭര്‍ത്താവല്ലാതൊരു പുരുഷന്‍ മനസ്സിലില്ല. എന്നാല്‍, എത്ര മോഹം മനസ്സിലും ശരീരത്തിലുമുണ്ടായിട്ടും നന്ദന്റെ ജോലിത്തിരക്കും മദ്യപാനശീലവും മൂലം അവരുടെ തൃഷ്ണാശമനങ്ങള്‍ സാദ്ധ്യമാകുന്നില്ല. സാവിത്രി ഒരു ഗംഭീര ചെസ് കളിക്കാരിയാണ്. സ്ഥലത്തെ ആഗസ്റ്റ് ക്ലബ് ചെസ് കളിക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ക്ലബും. അവിടത്തെ എല്ലാ പ്രധാനകളിക്കാരെയും തോല്‍പ്പിച്ച് വിലസി നില്‍ക്കുകയാണ് സാവിത്രി.
August-Club-follows
അങ്ങനെയിരിക്കെയാണ് ശിശിര്‍ എന്നൊരു യുവാവ് അവിടെത്തുന്നത്. അയാള്‍ സാവിത്രിയെ തുടരെ ചെസില്‍ തോല്പിക്കുന്നു. ഇതിനിടെ വിവാഹേതര ലൈംഗികബന്ധങ്ങളില്‍ താല്പര്യമുള്ള ലീനയെന്ന സുഹൃത്ത് അതൊന്നും ഒരു തെറ്റല്ലെന്നുള്ള പലതവണത്തെ പറച്ചിലിലൂടെ സാവിത്രിയില്‍ ഒരു ഇളക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഈ ഇളക്കവും തന്നെ തുടരെ തോല്പിക്കുന്നതിലൂടെ ശിശിര്‍ നേടിയെടുക്കൊന്നു അധികാരഭാവവും മെല്ലെ സാവിത്രിയെ വികാരങ്ങളുടെ ലീലകള്‍ക്ക് അധീനയാക്കുന്നു. പൊടുന്നനെ ഭര്‍ത്താവിന് ഉത്തരേന്ത്യയിലേക്കു സ്ഥലംമാറ്റമുണ്ടാകുന്നു. കുട്ടികള്‍ അവധിക്കാലം ചെലവാക്കാന്‍ അച്ഛന്റെ തറവാട്ടിലേക്കു പോകുന്നു. തനിച്ചാകുന്ന സാവിത്രിക്കു കൂട്ടായ ജോലിക്കാരി ഭഗവതിയമ്മ ലീവില്‍ പോകുകയാണ്. ഇങ്ങനെ എല്ലാത്തരത്തിലും ശിശിറും സാവിത്രിയും തമ്മിലൊരു സംഗമത്തിനു വഴിയൊരുങ്ങിവരികയും ചെയ്യുന്നു. ശിശിറിന്റെ ഭാഗത്തു നിന്ന് സെഡ്യൂസ് ചെയ്യാനുള്ള ശ്രമമുണ്ടുതാനും. ഇവിടെ സാവിത്രിയുടെ മനസ്സിനും ശരീരത്തിനും ജീവിതത്തിനും എന്തുസംഭവിക്കും എന്ന ജിജ്ഞാസയുണര്‍ത്തിയാണ് സിനിമ അവസാനത്തിലേക്കു മുന്നേറുന്നത്.
ചെസ് കളി പ്രധാനപ്രമേയ ഒരു ലോകസിനിമയുണ്ട്. ബെര്‍ഗ്‌മാന്റെ സെവന്ത് സീല്‍. ആ ചിത്രത്തിലെ ചില രംഗങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന തുടക്കമാണ് ആഗസ്റ്റ് ക്ലബിന്റേത്. കടല്‍‌ത്തീരത്തെ ചതുരംഗപ്പലകയിലെ കരുക്കളെ അജ്ഞാതനായ ഒരു കുതിരപ്പടയാളി തട്ടിയിടുന്നത്. ആ രംഗം പിന്നീട് ആവര്‍ത്തിക്കുന്നുമുണ്ട്. ശിശിര്‍ ആണ് ആ അജ്ഞാതന്‍. കുതിരയാണ് ചെസില്‍ അവന്റെ ബലം. സെക്‌സ് – കുതിര എന്ന ഒരു ജയന്‍ സിദ്ധാന്തമുണ്ടല്ലോ. അതിവിടെ വരുന്നുണ്ട്. ക്വീനാണ് സാവിത്രിയുടെ ബലം. അവള്‍ സ്വയം ക്വീനാണ്. ഈയൊരു ബലാബലം ചെസിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചതില്‍ തീര്‍ച്ചയായും പുതുമയുണ്ട്. എന്നാല്‍, ആ പുതുമയെ ആസ്വാദ്യമാക്കും വിധം കാര്യമായൊന്നും ആഗസ്റ്റ് ക്ലബ്ബില്‍ കണ്ടില്ലെന്നതാണു നിരാശ.August-Club
യക്ഷിയുടെ ചലച്ചിത്രാവിഷ്‌കാരമായ അകത്തിലെന്നപോലെ ഇവിടെയും സ്ത്രീയുടെ മാലാഖത്വവും യക്ഷിത്വവുമാണ് നന്ദന്റെ സംഭാഷണങ്ങളില്‍ വരുന്നത്. സത്യം ശിവം സുന്ദരമടക്കമുള്ള മുന്‍‌കാല സിനിമകളെപ്പറ്റിയും നന്ദന്‍ സംസാരിക്കുന്നുണ്ട്. എപ്പോഴും ഭാര്യയെ എടീ എന്നു വിളിക്കുന്ന, ചിലപ്പോഴെങ്കിലും എടീ ഫൂളേ എന്നു വിളിക്കുന്ന, ബെഡ് റൂമെന്നാല്‍ തന്റെ ലൈംഗികസിദ്ധാന്തങ്ങളുടെ ഏകപക്ഷീയമായ പരീക്ഷണ ശാലയാണെന്നു കരുതുന്ന നന്ദന്‍. നന്ദന് തന്റെ അച്ഛന്റെ മണമാണെന്നു പറയുന്ന സാവിത്രി ഇങ്ങനൊരു സ്ത്രീപുരുഷബന്ധത്തെയാണ് ഏറെക്കുറെ ഐഡിയലെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നത്. അത് അത്രമേല്‍ സുഖകരമാണെന്നു കരുതാനാവില്ല.
സാവിത്രി തന്റെ ഉള്‍ക്കരുത്ത് തിരിച്ചറിയുന്നതും അവള്‍ ശിശിറിനെ തോല്പിക്കുന്നതും അപ്രതീക്ഷിതമല്ലെങ്കിലും ആ ആക്കമാണ് സിനിമയ്ക്ക് ഒരു മുഴക്കവും മുരള്‍ച്ചയും സമ്മാനിക്കുന്നത്. പക്ഷേ, സാകുച്ച് എന്ന് നന്ദന്‍ പാസ് വേഡിട്ടിരുന്നു എന്നും ആ ലാപില്‍ നിറയെ ചെസ് കളിയുടെ പാഠങ്ങളായിരുന്നെന്നും അയാള്‍ അവള്‍ക്കു വേണ്ടി ചെസ് പഠിക്കുകയായിരുന്നു എന്നും തിരിച്ചറിഞ്ഞ് പാതിവ്രത്യത്തിലേക്ക് തിരിച്ചുപോകുന്ന സാവിത്രി വലിയ അത്ഭുതമൊന്നും സൃഷ്ടിക്കുന്നില്ല. നാട്ടിലെ സ്ത്രീകള്‍ മുഴുവന്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെടണമെന്ന് ഇവിടെയാര്‍ക്കും അഭിപ്രായമില്ല. പക്ഷേ, സ്ത്രീകളുടെ ലൈംഗികചിന്തകളും അവരുടെ ഭാവനകളും ഇങ്ങനെയൊക്കെയാണ് ചരിക്കുന്നതെന്നും അത് ഇങ്ങനെയാണ് അപഥസഞ്ചാരമോഹം വിട്ട് നാഷണല്‍ ഹൈവേയിലേക്ക് തിരിച്ചുവരുന്നതെന്നും അങ്ങുറപ്പിച്ചുപറയുമ്പോള്‍, ഈ പാതിവ്രത്യസംരക്ഷണത്തെക്കുറിച്ചു പാവം തോന്നിപ്പോകുന്നു.
ഇവിടെയാണ് സിനിമയിലെ സാവിത്രി എന്ന പേര് അര്‍ത്ഥപൂര്‍ണമാകുന്നത്. ആധുനികോത്തരയുഗത്തിലെ സത്യവാന്‍ സാവിത്രിയാണിത്. ഭര്‍ത്താവിന്റെ സ്വകാര്യജീവിതം എങ്ങനെയായാലും അവളതില്‍ സംശയം കാണുന്നില്ല. മറ്റൊരു സാവിത്രിയെയും ഇവിടെ ഇഴചേര്‍ക്കേണ്ടതുണ്ട്. സ്മാര്‍ത്തവിചാരം നേരിട്ട താത്രിക്കുട്ടി എന്ന സാവിത്രി. ഈ സാവിത്രിയും അവളുടെ കഥയും ഈ സന്ദര്‍ഭത്തിലാണ് ആലോചിക്കപ്പെടേണ്ടത്. സാവിത്രിയുടെ ഒപ്പമുള്ള സ്ത്രീയുടെ പേര് ഭഗവതി എന്നാണ്. ആ ഭഗവതിയാണ് അവള്‍ക്കു തുണ. ആ തുണ അവള്‍ വേണ്ടെന്നുവയ്ക്കുന്നത് ഒരു ഗുഢമായ കുഴപ്പത്തിനാണ്.
ഭര്‍ത്താവിനും അന്യപുരുഷനും ഇടയില്‍ സ്ത്രീ അനുഭവിക്കുന്ന ഇച്ഛാസംഘര്‍ഷത്തിന്റെ മനോഹരമായ ചിത്രണം ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത് അദ്ദേഹവും മെര്‍ലിന്‍ സ്ട്രീപ്പും അഭിനയിച്ച ബ്രിജ്ജസ് ഓഫ് മാഡിസണ്‍ കൗണ്ടി എന്ന ചിത്രത്തില്‍ കാണാം. എന്നാല്‍ ആഗസ്റ്റ് ക്ലബ്ബില്‍ അങ്ങനൊരു ആന്തരികവ്യഥയല്ല, നേരേ മറിച്ച് വെറുമൊരു അയലത്തെ അദ്ദേഹം സിന്‍ഡ്രോം മാത്രം. ഇവിടത്തെ പെണ്ണുങ്ങളെപ്പറ്റി കച്ചവട സിനിമ മുന്നോട്ടുവച്ച ഈ അയലത്തെ അദ്ദേഹം സിദ്ധാന്തത്തെ ഉള്ളില്‍ വഹിക്കുന്നുണ്ട് ആഗസ്റ്റ് ക്ലബ്ബും.August-Club
വസുധൈവകുടുംബകം തൊട്ട് എമിലി ഡിക്കിണ്‍സണും ഡിഎച്ച് ലോറന്‍സും ബിഥോവനും ഒക്കെ കയറിവരുന്ന സിനിമ പക്ഷേ, അനാവശ്യസീനുകളും സംഭാഷണങ്ങളും നിറഞ്ഞ് അമിതഭാരത്തോടെ നില്‍ക്കുന്നു. നന്ദന്റെ വീട്ടിലേക്ക് സാവിത്രി വിളിക്കുന്ന രംഗം പാടേ അനാവശ്യമായിത്തോന്നി. ചെസുകളിക്കാരുടെ ഗ്രാമത്തിലേക്കു യാത്ര മുഴുവന്‍ നീട്ടിപ്പിടിച്ചു ചിത്രീകരിക്കുന്നത്. ആ യാത്രയില്‍ സാവിത്രിക്ക് ശിശിറിനോട് ലീന അടുത്തു പെരുമാറുന്നതില്‍ അസൂയ തോന്നുന്നു എന്നതും ശിശിര്‍ തോല്‍ക്കുന്നത് അവള്‍ക്ക് സഹിക്കുന്നില്ലന്നതും ചിത്രീകരിക്കാന്‍ മാത്രമാണ്. അതിന് ഇത്രയും നീണ്ട സീക്വന്സ്ത വേണ്ടിയിരുന്നില്ല. ഇങ്ങനെയൊക്കെ ഒന്നൊതുക്കിയിരുന്നെങ്കില്‍ ആഗസ്റ്റ് ക്ലബിന് ഇനിയും മിഴിവേറുമായിരുന്നു.
ചെസുഗ്രാമത്തിലെ യാത്രയിലുടനീളം കേള്‍ക്കുന്നത് അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് എന്ന പാട്ടാണ്. അതൊരു ദുസ്സൂചനയായി നിലകൊള്ളുന്നു. നന്ദനെ അകറ്റാനും വേലക്കാരിയെ അകറ്റാനും ഒക്കെ തിരക്കഥാകൃത്ത് അത്യദ്ധ്വാനം ചെയ്തതായി തോന്നും. ലൈംഗികത വിഷയമാക്കിയെന്നതും ലീന എന്ന കഥാപാത്രത്തെക്കൊണ്ട് കുറേ പച്ചത്തെറി പറയിച്ചു എന്നതും അല്ലാതെ ഈ സിനിമ അതിന്റെ ലക്ഷ്യം സാധൂകരിക്കുന്നതായി തോന്നിയില്ല. മുരളി ഗോപി കഥാപാത്രത്തിനു യോജിച്ചു. പ്രവീണിന്റെ ശിശിര്‍ ഒട്ടും ഉദ്വേഗം നല്കിയില്ല. റിമയ്ക്ക് പുരികം പൊക്കിയും താഴ്ത്തും രണ്ടു വ്യത്യസ്തരീതികളില്‍ അഭിനയിക്കാനറിയാം. അതു രണ്ടും റിമ അതിഗംഭീരമായി ആദിമദ്ധ്യാന്തം ചെയ്തിട്ടുണ്ട്. മൊത്തത്തില്‍, മികച്ച സാദ്ധ്യതയുണ്ടായിരുന്ന ഒരു സബ്‌ജക്ട് പറഞ്ഞു ഫലിപ്പിക്കുന്നതിലെ ഇട്ടുതല്ലുകൊണ്ട് നിഷ്ഫലമായ പ്രതീതി. ഒരുപക്ഷേ, അനന്തപത്മനാഭനിലും വേണുവിലും നിന്ന് ഇതിലേറേ പ്രതീക്ഷിക്കുന്നതിനാലാകാം. അവരുടെ അടുത്ത സംരംഭം അഭിമാനകരമാകട്ടെ എന്നാശംസിച്ചു നിര്‍ത്തുന്നു.

Thursday

മാര്‍പാപ്പയും ഇസ്ലാമും ഒരു പ്രസംഗവും!

പൊതുവേ മാര്‍പാപ്പയോടും കത്തോലിക്കാ സഭയോടും അത്രയൊന്നും പ്രതിപത്തിയൊന്നും ഇല്ലാത്ത ഒരാളാണ്‌ ഞാന്‍ (അതല്പം മയപ്പെടുത്തി പറഞ്ഞതാണ്‌ - സത്യത്തില്‍ എനിക്ക്‌ വളരെ വിയോജിപ്പുള്ള ഒരു പ്രസ്ഥാനമാണത്‌). എന്നാല്‍ അടുത്തിടെ, മാര്‍പാപ്പയുടേതായി ഇസ്ലാമിനെക്കുറിച്ചുവന്ന അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ എനിക്കു തോന്നി - എവിടെയോ എന്തോ സ്പെല്ലിങ് മിസ്റ്റേക്കുന്ടല്ലോ.

വാര്‍ ഓണ്‍ ടെറര്‍, ഡാനിഷ് കാര്‍ട്ടൂണ്‍സ്‌, ഹീത്രൊ എയര്‍പോര്‍ട്ടില്‍ നിന്നു പറക്കുന്ന വിമാനങ്ങളില്‍ നടക്കുവാന്‍ സാധ്യതയുന്ടെന്നാരോപിക്കപ്പെട്ട വിമാനസ്ഫോടന പരമ്പരകളും അതിനെക്കുറിച്ചു യൂറൊപ്പു മുഴുവനുന്ടായ പിരിമുറുക്കങ്ങളും - തുടങ്ങി ഇത്രയേറെ കലുഷിതമായിരിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക്‌ അല്പമെങ്കിലും ചിന്തിച്ചാല്‍ ഒരു പരമോന്നത മതാധ്യക്ഷന്‍ അത്തരം ഒരു 'എമണ്ടന്‍' പടക്കം എടുത്തെറിയില്ല. പിന്നെ എവിടെ, ആര്‍ക്കാണ്‌ തെറ്റ്‌ പറ്റിയത്‌?

ഇതിനെക്കുറിച്ചൊന്നറിയാന്‍ മാര്‍പാപ്പയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം തേടിപ്പിടിച്ചു്‌ വായിച്ചു. കൂടാതെ ഇതു പ്രസംഗിച്ച 'കോണ്‍റ്റെക്സ്റ്റും' പരിശോധിച്ചപ്പളല്ലേ കാര്യം പിടികിട്ടിയത്‌.

യൂണിവേഴ്സിറ്റി ഓഫ്‌ റെഗെന്‍സ്‌ബെര്‍ഗിലെ കാംപസില്‍ വച്ചു തിയോളജി വിദ്യാര്‍ഥികളോടു നടത്തിയതാണ്‌ ഈ പ്രസംഗം. ഈ പോപ്‌ പോപ്പാവുന്നതിനും , കര്‍ദിനാളാവുന്നതിനും ഒക്കെ വളരെ മുമ്പ്‌ ഈ യൂണിവെഴ്സിറ്റിയിലെ, ഈ തിയോളജി ഫാക്കല്‍റ്റിയില്‍ പഠിപ്പിച്ചിരുന്നു. അതായത്‌ മാര്‍പാപ്പക്ക്‌ ഇതൊരു 'ട്രയംഫന്റ് റിട്ടേണാ'യിരുന്നു - പന്ടു പഠിപ്പിച്ച കലാലയത്തിലേക്ക്‌ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും, കാതലിക്‌ തിയോളജിയുടെ അവസാനത്തെ വാക്കുമായി മാറിയതിനു ശേഷമുള്ള ആദ്യ വരവ്‌. ഒരു കടി കട്ടിയുള്ള തിയോളജി വിഷയം തന്നെയായിക്കോട്ടെ പ്രസംഗിക്കാനായിട്ട് എന്ന്‌ നിരീച്ചു കാണും അദ്ദേഹം! അങ്ങനെ, ആപത്തിന്റെ ആദ്യ കരു നീങ്ങി.

ആപത്തിന്റെ രന്ടാം കരുവായത്‌ മാര്‍പാപ്പയുടെ പഴയ ജോലിയാണ്‌. പോപ് ആകുന്നതുവരെയുന്ടായിരുന്ന 'കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോക്റ്റ്റിന്‍ ഓഫ്‌ ഫെയിത്‌' എന്നറിയപ്പെടുന്ന പേപല്‍ ബോഡിയുടെ തലവന്‍ എന്ന കടുകട്ടിയായ സൈദ്ധാന്തികവേഷം. അതായത്‌ ആധ്യത്മികവാദഗതികളൊക്കെയെടുത്തിട്ട്‌ തിരിച്ചും മറിച്ചും അമ്മാനമാടുന്ന 'അക്കാഡമിക്' ലൈന്‍.

ചുരുക്കി പറഞ്ഞാല്‍, താന്‍ ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാണെന്നും, താന്‍ പറയുന്നതു ഒരു നല്ല തിയോളജി ചര്‍ച്ച എന്ന നിലക്കൊന്നും കാണാതെ, അല്പം മാത്രം വായിച്ച്‌ ബാക്കി കൂട്ടിച്ചേര്‍ത്ത്‌ വ്യഖാനിക്കാനായിരിക്കും മാധ്യമങ്ങള്‍ക്കു താല്പര്യം എന്നുമുള്ളതു മാര്‍പാപ്പ മറക്കാന്‍ ഈ രന്ടു കാര്യങ്ങളും കാരണമായിരിക്കണം.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ബാക്കി ഭാഗങ്ങളുമായി ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാകുന്നതിതാണ്‌. മാര്‍പാപ്പയുടെ ആശയം വേറൊന്നുമല്ലാ - വിവേചനബുദ്ധിയോടല്ലാതെ പ്രവര്‍ത്തിക്കുന്നത്‌ ദൈവത്തിന്‌ വിരുദ്ധമാണ്‌. (എന്റെ തര്‍ജമ ശരിയായില്ലെങ്കില്‍, in English - Not to act in accordance with logos (reason) is contrary to God's nature).

വിശ്വാസവും വിവേചനവും ഒന്നിച്ചു കൊന്ടു വരണമെന്ന ഒരു ആശയമാണ്‌ ഇവിടെ പോപ് പറയാന്‍ ശ്രമിച്ചത്‌. തികച്ചും കാലികപ്രസക്തിയുള്ള ഒരു വിഷയം. (ഇതിനെക്കുറിച്ച്‌ ഞാന്‍ ഒരു പോസ്റ്റിടാനുദ്ദേശിക്കുന്നുന്ട്, നാളെയോ മറ്റന്നാളോ).

അതിനായി മാനുവല്‍ രന്ടാമന്‍ എന്ന ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഒരു സൂചകമായി തിരഞ്ഞെടുത്തു. എന്നിട്ട്‌ ഒരു തിയോളജിക്കല്‍ ചര്‍ച്ചയില്‍ മാത്രം പറഞ്ഞു ഫലിപ്പിക്കാവുന്ന, അല്ലെങ്കില്‍ അത്തരം ഒരു സദസ്സിനുമാത്രം മനസ്സിലാവുന്ന ഈ വിഷയം ലോകമാധ്യമങ്ങള്‍കൂടി ചെവിതരുന്ന ഒരു സദസ്സില്‍ അവതരിപ്പിച്ചു എന്നതാണ്‌ മാര്‍പാപ്പക്ക്‌ പറ്റിയ കയ്യബദ്ധം ("ആളറിഞ്ഞു വിളമ്പണം" അല്ലെങ്കില്‍ "പാത്രമറിഞ്ഞു ദാനം ചെയ്യണം" എന്നൊക്കെ നമ്മുടെ കാര്‍ന്നോന്മാര്‍ പറയുന്നതെത്ര സത്യം!) .

അതു കേട്ട ഉടനെ രന്ടുമൂന്നു വാചകങ്ങള്‍ ഇഴപിരിച്ചെടുത്തതൊരു എരിതീയാക്കി നമ്മുടെ ലോകമാധ്യമങ്ങള്‍. പറഞ്ഞതില്‍ പാതി കേട്ടതു പാതി മനസ്സിലായ ഉടനെ, മാര്‍പാപ്പ ക്ഷമ പറയണം എന്നൊക്കെ വിളിച്ചു കൂവാനും ആളുന്ടായി.

ഒരു പ്രസംഗം വരുത്തിയ വിനകളേയ്‌. ഇനിയേതായാലും പലവട്ടം ചിന്തിച്ചും പഠിച്ചും പൊളിച്ചെഴുതിയുമേ മാര്‍പാപ്പ പ്രസംഗിക്കാനിറങ്ങിപ്പുറപ്പെടാന്‍ വഴിയുള്ളു.

ഉമ്മാനെ ഞാന്‍ എത്ര തവണ പറ്റിച്ചൂന്ന് അറിയോ....?

പറമ്പില്‍ എവിടെയെങ്കിലും പാമ്പിനെ കണ്ടാല്‍ ഉമ്മ ഒരു മുട്ട അടുത്തുള്ള അമ്പലത്തിലേക്ക് നേര്‍ച്ചയാക്കി എന്‍റെ കയ്യില്‍ തരും. അമ്പലത്തിനടുത്ത് കട നടത്തുന്ന ബാലേട്ടനാണ് നേര്‍ച്ച മുട്ടകള്‍ മുഴുവന്‍ ലേലത്തിലെടുക്കുന്നത്. ഞാന്‍ മുട്ട ബാലേട്ടന്റെ കടയില്‍ കൊടുത്തു പണം വാങ്ങിച്ചു കപ്പലണ്ടി തിന്നും.
ഇതേപോലെ കോഴിയെ ഹലാലായി അറുക്കാന്‍ പള്ളിയിലെ ഉസ്താദിന്റെ അടുത്ത് തന്നെ കൊണ്ടുപോകണമെന്ന് ഉമ്മാക്ക് നിര്‍ബന്ധമായിര...ുന്നു. കോഴിയെ ഒരു ബാഗിലാക്കി പത്ത് രൂപ ഉസ്താദിനു കൊടുക്കാനും തന്ന് ഉമ്മ എന്നെ പള്ളിയിലേക്ക് പറഞ്ഞു വിടും. ഞാന്‍ വഴിക്ക് വെച്ച് റസാഖിന്റെ വീട്ടില്‍ കയറി കോഴിയെ അറുത്ത് ഉമ്മാക്ക് കൊണ്ട് കൊടുക്കും. പത്ത് രൂപ ഞാനും റസാഖും കൂടി വീതം വെക്കും.
ഇങ്ങനെ ചെയ്തത് കൊണ്ട് കോഴി ഇറച്ചി കഴിച്ച് വീട്ടില്‍ ആര്‍ക്കും വയറിളക്കം ബാധിച്ചിട്ടില്ല. ഇതുവരെ ആര്‍ക്കും പാമ്പ് കടിയുമേറ്റിട്ടില്ല.
എങ്കിലും ഉമ്മയോട് ചെയ്ത ഈ തെറ്റിന് പ്രായശ്ചിത്തം ചെയ്യണം എന്ന് തോന്നിയതിനാല്‍ ഞാന്‍ മകനെ വിളിച്ചു കുറച്ചു മുട്ട അമ്പലത്തിലേക്ക് കൊടുക്കാനും ഒരു കോഴിയെ ഉസ്താദിനെ കൊണ്ട് അറുപ്പിക്കാനുമെല്ലാം കൂടി അഞ്ഞൂറ് രൂപ കൊടുത്തിട്ടുണ്ട്‌.
അവന്‍ എന്നെ പറ്റിക്കുമോ ..?

" ഷമ്ന ടീച്ചറുടെ മൂക്കിന്റെ താഴെ ചെറിയ പൊടിമീശ "..

ഉപ്പ പണ്ട്‌ പരഞ്ഞ ഒരു കഥ...! അല്ല ഉപ്പയോട്‌ റഹീംക്കാ പറഞ്ഞ കഥ..! പെണ്ണുങ്ങൾ ഈ ചെറിയ കാര്യങ്ങൾ ഒന്നും പെട്ടെന്ന് മറക്കുന്ന ടൈപ്പ്‌ അല്ല...
റഹീംക്ക നാട്ടിലെ ഒരു എൽ പീ സ്കൂളിൽ മാഷാണ്‌ .. ബീവി ജ...മീലത്താ.. സന്തുഷ്ട കുടുംബം.. അങ്ങനെ ഇരിക്കെ സ്കൂളിൽ പുതിയൊരു ടീച്ചർ വന്നു.. ഷമ്ന ടീച്ചർ കാണാൻ നല്ല മൊഞ്ചത്തി.. ചെറുപ്പം.. അദ്ധ്യാപകർക്കും വിദ്ധ്യാർത്ഥികൾക്...കും ടീച്ചറെ വല്ലാണ്ട്‌ ബോധിച്ചു..! അന്ന് രാത്രി ഊണ്‌ കഴിക്കുമ്പോൾ ഈ കാര്യമായിരുന്നു റഹീം മാഷിനു ചർച്ചാ വിഷയം.. ജമീലത്താ എല്ലാം താൽപര്യപൂർവം കേട്ടിരുന്നു..! "ഷമ്ന ടീച്ചറുടെ മൂക്കിനു താഴെ ചെറുതായി പൊടിമീശ ഉണ്ട്‌ ജമീലാ.. അതിൽ സൂര്യപ്രകാശം തട്ടുമ്പോൾ ടീച്ചർക്ക്‌ വല്ലാത്ത മൊഞ്ചാണ്‌."..! ഒരു തവി ചോറു കൂടെ റഹീംക്കാന്റെ പ്ലേറ്റിൽ വിളംബിക്കൊടുത്ത്‌ ജമീലത്താ ഒന്ന് പുഞ്ചിരിച്ചു..!
കാലം 5-6 മാസം കടന്ന് പോയി.. റഹീം മാഷ്‌ വീടൊന്ന് പുതുക്കിപ്പണിയാൻ തീരുമാനിച്ചു.... അങ്ങനെ ഒരു ദിവസം മാഷ്‌ സ്കൂൾ വിട്ട്‌ അങ്ങാടിക്കറക്കവും കഴിഞ്ഞ്‌ വീട്ടിലെത്താൻ അൽപം താമസിച്ചു..
കഷ്ടകാലത്തിന്‌ അന്ന് വീട്ടിൽ കറന്റ്‌ ഇല്ലായിരുന്നു...ഉമ്മറത്ത്‌ ഒരു മണ്ണെണ്ണ വിളക്കുമായി ജമീലാത്ത കാത്തിരിക്കുന്നുണ്ടായിരുന്നു.. വീട്ടിലെക്ക്‌ കയറിച്ചെല്ലുന്ന വഴിയിൽ ഒരു ലോഡ്‌ കല്ല് ഇറക്കി വച്ചത്‌ മൂപർ കണ്ടില്ല.. അതിൽ തട്ടി റഹീം മാഷ്‌ മൂക്കും കുത്തി താഴെ വീണു..! വീണ അരിശം മുഴുവൻ തീർത്തത്‌ ഉമ്മറതുണ്ടായിരുന്ന കെട്ട്യോളൊട്‌... "നിനക്കൊന്ന് വാ തുറന്ന് പറഞ്ഞൂടെ ഇവിടെ കല്ലിറക്കിയ കാര്യം?? " മാഷ്‌ ആക്ക്രോശിക്കുകയായിരുന്നു..!

ഇത്തയും വിട്ടില്ല.. "ഷമ്ന ടീച്ചറുടെ മൂക്കിന്റെ താഴെ ചെറിയ പൊടിമീശ ഇങ്ങക്ക്‌ കാണാം ... ഇത്രേം വല്യ കല്ല് കാണാൻ പറ്റീലെ??.

Wednesday

എന്റെ ആദ്യത്തെ വിമാന യാത്ര !!

അത് അടുത്ത കാലത്തോന്നുമല്ല കേട്ടോ .ഒരു പത്തു കൊല്ലമെങ്കിലും കഴിഞ്ഞുകാണും ഓർമ്മ ശരിയാണെങ്കിൽ നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു അധിക കാലമായിട്ടില്ല എന്നു തോനുന്നു കുറച്ചു കാലം കോളേജില് പോയപ്പോളെക്കും ഞാൻ പടിപ്പുനിർത്തി കാരണം മറ്റൊന്നുമല്ല ബസ്സുകയറാൻ പോകുമ്പോൾ ആളുകള് ചോദിക്കും നീ എന്തിനാ പഠിക്കുന്നെ എന്നു ? അപ്പോൾ പിന്നെ ഞാനും സ്വയം ചിന്തിച്ചു എന്തിനാ പഠിക്കുന്നെ ? അവസാനം ഞാൻ ഒരു കടുത്ത തീരുമാനമെടുത്തു . അതിനു ശേഷം തേരാപാര നടക്കുന്നത് കണ്ടു അളിയൻ ഒരു വിസ അയച്ചുതന്നു അങ്ങിനെ ഞാനും ദുഫായിക്കാരൻ ആകാൻ തീരുമാനിച്ചു . പോകേണ്ട ആ ദിനവും വന്നെത്തി ,നെടുമ്പാശ്ശേരി വഴിയാ പോകുന്നത് . കുറച്ചതികം യാത്ര ചെയ്യേണ്ടാതിനാൽ യാത്രയിൽ തടസ്സം നേരിടാതിരിക്കാൻ ഉപ്പ ഒരു മോയിലാരെ വിളിച്ചു . നൈചോരും തിന്നു മുപ്പിലാന്റെ പ്രാർഥനയും കഴിഞ്ഞു നങ്ങളിറങ്ങുപോൾ മുപ്പിലാണ് ഒരു പുതി . ഈ വിമാനത്താവളം ഞാനും കണ്ടിട്ടില്ല ഞാനും വരട്ടെ സ്ഥലമുണ്ടെങ്കിൽ എന്ന്. ഞാൻ പറഞ്ഞു ആയിക്കോട്ടെ കുഴപ്പില്ല അതിയാനെ ഞാൻ കുറെ വേരുപ്പിച്ചിട്ടുണ്ട് ഈ പോകുന്ന സമയത്തെങ്കിലും മുപ്പര് ഒന്ന് സന്തോഷിക്കട്ടെ എന്നു കരുതി . രാത്രിയാ പോകുന്നത് തൃശൂര് കഴിഞ്ഞപാടെ വാഹനം പോകുന്നില്ല മഴയും . ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് റോഡിൽ വലിയ മരം വീണതാ (മുസ്ലിയാരുടെ പ്രാര്ത്ഥന വിഫലം ) ഇനീ കാര്യത്തിലേക്ക് വരാം അല്ലങ്കിൽ നിങ്ങൾ പാതിവഴി നിർത്തി പോകും എല്ലാ ചെക്കിങ്ങും വിമാനത്തിൽ കയറാൻ ഒരാള് വിളിച്ചു പറഞ്ഞു.എന്റെ കുടെയുല്ലവരല്ലം എഴുനെറ്റപ്പ ഞാനും എഴുനെറ്റ് അവരുടെ കൂടെ നടന്നു. കരിപ്പൂരിൽ ആളുകള് കോണിയിൽ വിമാനം കയറുന്നത് കണ്ടിട്ടുണ്ട് ഞാൻ കുറെ നടന്നു അപ്പോളും ഈ കോണി കാണുന്നില്ല കുടെയുള്ളവരോട് ചോദിക്കാൻ എന്റെ അഫിമാനം സമ്മധിക്കുന്നില്ല . അവസാനം ഒരു സ്ത്രീ കൈ കുപ്പി നിന്ന് സ്വാഗതം ചെയ്യുന്ന സ്ഥലം എത്തിയപ്പോളാ ഞാൻ വിമാനത്തിന്റെ വാതിലിൽ എത്തിയ കാര്യം തന്നെ മനസ്സിലാകുന്നത് (എയരോ ബ്രിഡ്ജ് )എന്നെനിക്കറിയില്ലായിരു ഹാ ആ സ്വീകരണം എനിക്ക് മറക്കാൻ കഴിയില്ല കാരണം വീട്ടിലും നാട്ടിലും കുടുംബത്തിലും സ്വീകരണം ,അങ്ങിനെ വേറൊരു സ്ത്രീ കാണിച്ചു തന്ന ഒരു സീറ്റിൽ ഞാനിരിന്നു . പിന്നെ ചുറ്റുള്ളവരെ ഒന്ന് വീക്ഷിച്ചു അവര് ചെയ്യുന്നത് പോലെ ചെയ്യാൻ തുടങ്ങി അങ്ങിനെ ഭക്ഷണം കൊണ്ട് വന്നു. അതിനു പിന്നെ മറ്റൊരാളെ അനുകരിക്കുന്നത് എനിക്ക് പണ്ടേ ഇശ്ട്ടമല്ലാത്ത ഒരു കാര്യമായിരുന്നു . എല്ലവരെയും പോലെ ഞാനും ആ ബോക്സ് തുറന്നു കഴിക്കാൻ തുടങ്ങി ഞങ്ങൾ കുട്ടുകാർ കൊമുകാക്കന്റെ ഹോട്ടലിൽ നിന്നും മത്സരിച്ചു കഴിക്കുന്നതുപോലെ ഞാൻ തുടങ്ങി .എന്റെ ശ്രദ്ധ മുഴുവനും ഭക്ഷണത്തിലായ കാരണം ഞാൻ വേറൊന്നും ശ്രദ്ധിക്കുന്നില്ല ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോളാണ് എന്റെ കണ്ണ് ആ ബോക്സിൽ ഉടക്കിയത് .നോക്കുമ്പോൾ 2 പേക്കറ്റ് ! ആകാംഷയോടെ ഞാൻ അത് പൊട്ടിച്ചു നോക്കി ഒന്നിൽ പഞ്ചസാരയും മറ്റൊന്നിൽ പാല്പോടിയും . എന്റെ അടുത്ത സീറ്റിലിരിക്കുന്നവനും ആദ്യമായി യാത്ര ചെയ്യുന്നവനാണ് . അവനാനെങ്കിലോ ഭക്ഷണം കഴിക്കാൻ പേടി 2 പോകേണ്ടി വന്നാലോ ? ഞാൻ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ എന്നെ ആകാംഷയോടെ നോക്കുന്നു , ഞാനാണെങ്കിൽ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ . പിന്നെ ഒന്നും ആലോചിച്ചില്ല രണ്ടു പെക്കറ്റും പൊട്ടിച്ചു വായിലേക്കിട്ടു എന്നിട്ട് ബാക്കിയുള്ള വെള്ളം കുടിച്ചു . പരീക്ഷക്ക് കോപ്പി അടിക്കുന്നപോലെ അവനും അതേപോലെ കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു യുവതി വരുന്നു അവര് പറയുന്നു ടീ . ടീ എന്നു ഞാൻ എന്റെ പക്കലുള്ള കപ്പ് അവരുടെ നേരെ നീട്ടി എനിക്കും കിട്ടി ചാ നോക്കുമ്പോൾ സുലൈമാനി എനിക്ക് മാത്രമാണോ ? അപ്പോൾ അടുത്തിരിക്കുന്നവും അതെ ചായതന്നെ അപ്പോള ഞാൻ മറ്റുള്ളവരെ ശ്രദ്ധിച്ചത് . അവരൊക്കെ ആ പാക്കറ്റുകൾ പൊട്ടിച്ചു പഞ്ചസാരയും പാല്പ്പെടിയും ചേര്ത്തു ആസ്വദിച്ചു അസ്സൽ ചായ കുടിക്കുന്നു . അത് കണ്ടു ഞാൻ ഇഞ്ചി കടിച്ച കുരങ്ങനെ മധുരമില്ലാത്ത ചായ ഒന്ന് ടെസ്റ്റ് ചെയ്തു അടുത്തുള്ളവനെ നോക്കിയപ്പോൾ അവൻ എന്നെ തുറിച്ചുനോക്കുന്നു . അതിനു ശേഷം ഞാൻ തീരുമാനിച്ചു ഇനീ ബിമാനത്തിൽ ഇതുപോലെ ആക്രാന്തം കാനിക്കില്ലാന്നു ,ഇതു മസ്ക്കറ്റ് വരെയുള്ളൂ എനിക്കണെങ്കിൽ പോകേണ്ടത് അബുദാബിയിലേക്ക് , അവിടെന്നു ചെറിയൊരു വിമാനത്തിൽ കയറി . കണ്ടപ്പോൾ തന്നെ പേടി തോന്നി ചിറകിന്റെ 2 അറ്റത്തും വലിയ വാല് പോലെയുള്ള ഫാനുകൾ . കഷ്ട്ടിച് 50 ആളുകൾക്ക് മാത്രം കയറാൻപറ്റുന്ന ഒരു വിമാനം . അത് പൊങ്ങികുറച്ചു കഴിഞ്ഞപാടെ ഒരു സുന്ദരി എനിക്ക് കുറച്ചു പാക്കറ്റുകളും ജ്യുസും തന്നു ആളുകള് കുറവായത് കൊണ്ട് എന്റെ അടുത്തുള്ള സീറ്റ് കാലിയാണ് ആരുമില്ലല്ലോ എന്ന ദൈര്യത്തിൽ ഞാൻ ജ്യുസ് കുടിക്കാൻ ആരംഭിച്ചു . തന്നിട്ടുള്ള ഒരു പേക്കറ്റ് ആദ്യം പൊട്ടിച്ചു നല്ല അടിപൊളി ബിസ്കറ്റ് . രണ്ടാമത്തെ പാകറ്റ് പൊട്ടിച്ചു കടിച്ചുനോക്കി ഒരു അത്തറിന്റെ മണം വീണ്ടും വീണ്ടും കടിച്ചു നോക്കി തഥൈവ . പിന്നെ ആ യക്ന്ജം ഉപേക്ഷിച്ചു അടുത്ത മിട്ടായി കഴിച്ചു ഇതെന്തായിരിക്കും എന്ന ആകാംഷയിൽ ചുമ്മാ ഒന്ന് എഴുനേറ്റ് നോക്കുമ്പോൾ ആളുകള് അത് നിവര്ത്തി മുഖം തുടക്കുന്നു . അപ്പോളാ എനിക്ക് മനസ്സിലായത് അതൊരു ക്ലീനെക്സ് ആയിരുന്നെന്നു , അതിനു ശേഷം ആദ്യമായി കാണുന്നത് എന്തും ആര്ത്തി കാണിച്ചിട്ടില്ല ഈ രഹസ്യം ഞാൻ ഇപ്പോളാ ഇതിലുടെ എല്ലവരോടും പറയുന്നത് . എന്റെ കേട്യോളോട് പോലും പറഞ്ഞിട്ടില്ല .