Tuesday

ആദ്യപ്രണയം..

മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തു വരുമ്പോഴേ ഞാന്‍ ഒരു തീരുമാനം എടുത്തിരുന്നു..."നല്ല പക്വത വന്ന ശേഷം മാത്രമേ പ്രണയിക്കു " എന്നാ ഉറച്ച തീരുമാനം..അത് കൊണ്ടാണല്ലോ ജനിച്ചു മിനിറ്റുകള്‍ പിന്നിടുന്നതിനു മുന്‍പ് തന്നെ സുന്ദരിയായ നേഴ്സ് തന്ന ചുംബനത്തില്‍ ഞാന്‍ വീഴാതിരുന്നത്..
വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ അതില്‍ തന്നെ വീണിരുന്നെനെ..
അങ്ങനെ ജീവിതത്തിലെ ദിനങ്ങള്‍ ഓരോന്നായി പിന്നിടുമ്പോള്‍ പല ഭാഗത്തുനിന്നും പ്രലോഭനങ്ങള്‍ ഉണ്ടായി..കളിപ്പാട്ടങ്ങളുടെയും ബേകറിയുടേയും എല്ലാം രൂപത്തില്‍ സുന്ദരികള്‍ എന്നെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു..
അതില്‍ ഒന്നിലും ഞാന്‍ വീണില്ല..
എന്‍റെ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാതെ ഞാന്‍ ഉറച്ചു നിന്നു..
പക്വതയാവാതെ പ്രനയിക്കില്ല എന്നാ മഹത്തായ തീരുമാനത്തില്‍...
സൂര്യന്‍ ഒരുപാട് ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു..
വീടിലെ കലണ്ടര്‍ പല തവണ മാറ്റി..
അങ്ങനെ ഒരു ദിവസം എനിക്ക് തന്നെ തോന്നി..
" പക്വത വന്നിരിക്കുന്നു..ഇനി  ഒന്ന് പ്രണയിക്കാം.."
'പ്രണയിക്കാം' എന്നാ തീരുമാനം എടുത്തപ്പോഴാണ് എന്‍റെ മുന്നില്‍ വലിയൊരു ചോദ്യം ഉടലെടുത്തത്..
"ആരെ പ്രണയിക്കും "..
പണ്ടൊക്കെ പല അപേക്ഷകളും ഇങ്ങോട്ട് കിട്ടിയിരുന്നു..
ഇപ്പോള്‍ ആരും അടുക്കുന്നില്ല..
ആരെങ്കിലും എന്നെ നോട്ടമിടുന്നുണ്ടോ എന്ന് ഞാന്‍ പല പ്രാവശ്യം നിരീക്ഷിച്ചു..
ഇല്ല..പെണ്‍ വര്‍ഗത്തില്‍ പെട്ട ഒന്നും എന്നെ നോക്കിയില്ല..
ഒരു പിടക്കോഴി പോലും..
അയല്‍വാസിയുടെ പശു പോലും എന്നെ കാണുമ്പോള്‍ പുച്ഛത്തോടെ നോക്കുന്നു..
' ഏതാ ഈ കോന്തന്‍ എന്നാ മട്ടില്‍..'
അപ്പോഴാണ്‌ നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചോര്‍ത്തു ഞാന്‍ വ്യസനിച്ചത്..
ആദ്യത്തെ നേഴ്സ് മുതല്‍..
കളിപ്പാട്ടങ്ങലുമായി  വന്ന സുന്ദരികള്‍ ഉള്‍പ്പെടെ,എല്ലാവരും എന്‍റെ മനസ്സിലൂടെ മിന്നി മറഞ്ഞു..
ആരെയെങ്കിലും അന്ന് തന്നെ വളചിട്ടിരുന്നെങ്കില്‍ ഇപ്പോള്‍ കഷ്ട്ടപെടെണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ..
എന്തായാലും പ്രണയിക്കാന്‍ തീരുമാനിച്ചു..
ഇനി അത് നടത്തിയിട്ട് തന്നെ കാര്യം..
എനിക്കും വിട്ടു കൊടുക്കാനുള്ള മനസ്സ് ഉണ്ടായിരുന്നില്ല..
അടുത്ത ദിവസം മുതല്‍ ഞാന്‍ ക്ലാസ്സിലെ ഒന്നാം നിര സുന്ദരിമാരുടെ മുഖത്തേക്ക് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന കണ്ണുകളോടെ നോക്കി..
"എന്നെ ഒന്ന് ലൈന്‍ അടിക്കു..പ്ലീസ്.." എന്നാ യാചന എന്‍റെ കണ്ണുകളില്‍ നിറഞ്ഞു നിന്നു..
ഇല്ല..ആരും നോക്കുന്നില്ല...
പിന്നെ രണ്ടാം നിര സുന്ദരിമാരില്‍ ആയി ശ്രദ്ധ..
അവരും എന്നില്‍ ഒരു താല്പര്യവും കാണിച്ചില്ല..
അത് പോലെ മൂന്ന്,നാല് ഗ്രേഡ് സുന്ദരിമാരും എന്നെ അവഗണിച്ചു..
ഒടുവില്‍ അവസാന ഗ്രടില്‍ പെട്ട സുന്ദരിമാരില്‍ നോട്ടമിട്ടു..
അവര്‍ അല്പം പ്രതികരിച്ചു..
അവര്‍ എന്നെ നോക്കാന്‍ തുടങ്ങി..
ഇടയ്ക്ക് ചിരിക്കാനും..
അവരുടെ ചിരി കണ്ടതോടെ എനിക്ക് പ്രനയതോടുള്ള സകല മൂഡും പോയി..
ഭയാനകം ആയിരുന്നു  അവരുടെ ചിരി..
ജീവിതകാലം മുഴുവന്‍ ആ ചിരി സഹിക്കാനുള്ള സഹനശക്തി ഇല്ലാത്തതു കൊണ്ട് ഞാന്‍ അവരില്‍ നിന്നു പിന്മാറി..
അവസാന ഗ്രേഡില്‍ പെട്ടവരെ ഇനി ഒരിക്കലും വളയ്ക്കാന്‍ നോക്കില്ല എന്നാ ഉഗ്ര ശപഥവും എടുത്തു..
ഒരിക്കല്‍ക്കൂടി രണ്ടാം നിര സുന്ദരിമാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഞാന്‍ ശ്രമിച്ചു..
ആ വിഭാഗത്തില്‍പെട്ട ഓരോ സുന്ദരിക്കും വേണ്ടി രണ്ടു ദിവസം വീതം മാറ്റി വയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു..
ഒരു സുന്ദരി പ്രതികരിക്കുന്നുണ്ടോ എന്ന് രണ്ടു ദിവസം നോക്കും..
ഉണ്ടെങ്കില്‍ അവരെ പിടികൂടാം..
ഇല്ലെങ്കില്‍ അടുത്ത സുന്ദരിയിലേക്ക്..
ഞാന്‍ ആ രീതി തുടര്‍ന്നു..
എട്ടു പത്തു ദിവസങ്ങള്‍ കടന്നു പോയി..
ഒരു സുന്ദരി എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി..
ഞാന്‍ വീണ്ടും നോക്കി..സ്വപ്നമാണോ??
അല്ല..
അവള്‍ എന്നെ തന്നെയാണ് നോക്കുന്നത്..
ഞാന്‍ ജേതാവായിരിക്കുന്നു..
ഞാന്‍ ചിര്‍ക്കുമ്പോള്‍ അവളും ചിരിക്കും..
എനിക്ക് ഭൂട്ടാന്‍ ഡാറ്റ ലോട്ടറി അടിച്ച സന്തോഷം.. 
ക്ലാസുകള്‍ നടക്കുമ്പോള്‍ ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു..
അവള്‍ എന്റെയും..
സെരിലാക് കമ്പനിയിലേക്ക് നമ്മുടെ അഡ്രസ്‌ എഴുതി പോസ്റ്റ്‌ കാര്‍ഡ്‌ അയച്ചാല്‍,മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയ ഒരു കാറ്റലോഗ് തിരിച്ചയച്ചു തരുന്ന ഒരു പരിപാടി അന്നുണ്ടായിരുന്നു..
ഞാന്‍ അവളുടെ അഡ്രസ്സില്‍ സെരിലാക് കമ്പനിയിലേക്ക് കാര്‍ഡുകള്‍ വിട്ടു..
എന്റെ പ്രണയോപഹാരങ്ങള്‍ കാറ്റലോഗിന്റെ രൂപത്തില്‍ അവളെ തേടിയെത്തി..
താന്‍ ആവശ്യപ്പെടാതെ കാറ്റലോഗ് അവളുടെ പേരില്‍ വന്നത് കണ്ടു അവള്‍ അത്ഭുതപ്പെട്ടു..
എന്റെ കണ്ണുകള്‍ അവളോട്‌ പറഞ്ഞു..
"ഞാനാണ് അത് അയച്ചത്..
നിനക്ക് വേണ്ടി..
എല്ലാം നിനക്ക് വേണ്ടി..
നിനക്ക് വേണ്ടി മാത്രം.."
അവള്‍ എന്നെ നാണത്തോടെ നോക്കി..
ഞാന്‍ ക്ലാസ്സിലേക്ക് പോകുന്നതിന്റെ ഉദ്ദേശ്യം 'അവളെ കാണുക ' എന്നതില്‍ മാത്രം ഒതുങ്ങി..
ക്ലാസ്സിലെ മറ്റാരെയും ഞാന്‍ കണ്ടില്ല..
അവളും ഞാനും മാത്രം..
ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നില്ല..
രണ്ടു പേരും ആദ്യമായിട്ടല്ലേ ലൈലയും മജ്നുവും ആകുന്നതു..
ഞങ്ങളുടെ വിവര കൈമാറ്റം കണ്ണുകളിലൂടെ ആയിരുന്നു..
3G യേക്കാള്‍ വേഗത്തില്‍ ഞങ്ങളുടെ സന്ദേശങ്ങള്‍ വായുവിലൂടെ കൊതിച്ചു..
അവളുടെ കണ്ണുകള്‍ അത് പിടിച്ചെടുത്തു..
അവളുടെ തലച്ചോറില്‍ വച്ച് ഡീ കോഡ് ചെയ്തു അത് അവളുടെ ഹൃദയത്തില്‍ പ്രവേശിച്ചു..
തിരിച്ചു അവളുടെ കണ്ണുകളിലൂടെ എനിക്കുള്ള സിഗ്നലും തിരിച്ച്ചോഴുകി..
പെട്ടെന്നാണ് എന്റെ പിന്‍ഭാഗത്തെ മാംസളമായ വാതിലിന്നു സമീപം ചൂരലടി വീണത്‌..
ഞാന്‍ ഞെട്ടി തരിച്ചു..
സിഗ്നലുകള്‍ കട്ടായി..
പിന്‍ഭാഗം വേദനിക്കുന്നു..
ഞാന്‍ ദയനീയമായി മാഷെ നോക്കി..
" ഒരു ല സാ ഗു കണ്ടു പിടിക്കാനുള്ള ചോദ്യം തന്നിട്ട് എത്ര നേരമായി?? നീ എവിടെ നോക്കിയാ ഇരിക്കുന്നത്..??കണക്ക് മാഷുടെ ശബ്ദം എന്റെ കര്‍ണ്ണപുടത്തില്‍ ആഞ്ഞടിച്ചു..
"ഇന്ന് സ്കൂള്‍ പൂട്ടും..അടുത്ത ആഴ്ച പരീക്ഷയാ..അഞ്ചാം ക്ലാസ്സിലേക്ക് എത്തണമെങ്കില്‍ നന്നായി പഠിച്ചോ..അല്ലെങ്കില്‍ അടുത്ത കൊല്ലവും എല്‍ പി സ്കൂളില്‍ തന്നെയിരിക്കാം.."
കണക്ക് മാഷ്‌ കാര്യം വ്യക്തമായി പറഞ്ഞു..
എന്റെ കണ്ണുകള്‍ നിറഞ്ഞു..
ഒരു കൈ കൊണ്ട് വേദനയുള്ള ഭാഗം തടവി..
കൂട്ടുകാര്‍ ചിരിക്കുന്നു..
കൂട്ടുകാര്‍ എന്ന് വിളിക്കാന്‍ കഴിയില്ലല്ലോ..
തന്റെ ദുഃഖത്തില്‍ സന്തോഷിക്കുന്നവര്‍ കൂട്ടുകാരല്ലല്ലോ..??
അതുകൊണ്ട് ആ വാചകം ഇങ്ങനെ തിരുത്താം..
സഹപാഠികള്‍ ചിരിക്കുന്നു..
എനിക്ക് അടി കിട്ടിയ സന്തോഷത്തിലാണവര്‍..
പക്ഷെ എന്നെ വേദനിപ്പിച്ചത് അടിയോ,സഹപാഠികളുടെ ചിരിയോ ഒന്നും ആയിരുന്നില്ല..
അവളുടെ ചിരിയായിരുന്നു..
എനിക്ക് കിട്ടിയ അടി അവളും ആസ്വദിക്കുന്നു..
അവളെ നോക്കിയിട്ടാണല്ലോ എനിക്ക് അടി കിട്ടയത്..
അവള്‍ എന്നിട്ട് മറു പക്ഷത് നിന്ന് ചിരിക്കുന്നു..


ആ പ്രണയം ഞാന്‍ അവിടെ അവസാനിപ്പിച്ചു..
കാമുകന്‍ അപമാനിതനാകുമ്പോള്‍ ആസ്വദിക്കുന്നവളാണോ കാമുകി..??


"ഒരിക്കലും അല്ല " എന്നാ ഉത്തരം ആയിരുന്നു എന്റെ മനസ്സ്‌ എനിക്ക് വീണ്ടും വീണ്ടും തന്നത്..
കാമുകന്റെ പതനത്തില്‍ ആഹ്ലാടിക്കുന്നവളെ കാമുകിയായി എനിക്ക് വേണ്ടാ..
അങ്ങനെ നാലാം ക്ലാസ്സിലെ അവസാന ദിനത്തോടെ എന്റെ ആദ്യ പ്രണയത്തിനു- പക്വത എത്തിയ ശേഷമുള്ള ആദ്യ പ്രണയത്തിനു അന്ത്യം കുറിച്ച്..
അന്ന് വൈകുന്നേരം വീടിലേക്ക് പോകുമ്പോള്‍ ഞാനൊരു പ്രതിജ്ഞ എടുത്തു..
"അഞ്ചാം ക്ലാസ്സ്‌ തുടങ്ങിയാല്‍ ഉടനെ മറ്റൊരുവളെ ല്യ്നടിച്ചു വളച്ചു അവളുമായി ഇവളുടെ മുന്നിലൂടെ നടക്കും.."
ആ പ്രതിജ്ഞ വീണ്ടും വീണ്ടും മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് ഞാന്‍ വീട്ടിലേക്കു നടന്നു..
ചൂരല്‍ അടി വീണ ഭൂപ്രദേശം തടവിക്കൊണ്ട്..


No comments:

Post a Comment