Thursday

അഴിമതിയും അഴിമതി വിരുദ്ധരും..


   




      അണ്ണ ഹസാരെ ഡല്‍ഹിയില്‍ നടത്തുന്ന നിരാഹാരസമരത്തിന് രാജ്യവ്യാപകമായി വന്‍ പിന്തുണ ലഭിക്കുന്നു. ജനലോക്പാല്‍ ബില്‍ എന്ന ആവശ്യം ഉന്നയിച്ചുള്ള പ്രക്ഷോഭത്തിന് നഗരങ്ങളിലെ ഇടത്തരക്കാരില്‍നിന്നും ഈ വിഭാഗത്തില്‍പെട്ട യുവജനങ്ങളില്‍നിന്നുമാണ് കൂടുതലായും പിന്തുണ ലഭിക്കുന്നത്. അണ്ണ ഹസാരെ ഏപ്രിലില്‍ നടത്തിയ ആദ്യ നിരാഹാരത്തിനുശേഷം അഴിമതിവിരുദ്ധ പ്രസ്ഥാനം ഗതിവേഗം ആര്‍ജിച്ചുവെന്നതില്‍ സംശയമില്ല. യുപിഎ സര്‍ക്കാരിന്റെ നിലപാടും അഴിമതി തടയുന്നതില്‍ അവര്‍ പരാജയപ്പെട്ടതും വ്യാപകരോഷം ഉയര്‍ത്തിയിരിക്കുന്നു. ഒന്നാമതായി, യുപിഎ സര്‍ക്കാരിന് അഴിമതിയിലുള്ള പങ്കാളിത്തം പ്രകടമായിരിക്കുന്നു. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അഴിമതിഗ്രസ്തമായ സര്‍ക്കാരാണിത്. ഇത്തരമൊരു സര്‍ക്കാരിനെ "സംശുദ്ധനായ പ്രധാനമന്ത്രി"യാണ് നയിക്കുന്നതെന്നതിലെ വിരോധാഭാസം നഗരങ്ങളിലെ ഇടത്തരക്കാരുടെ ബോധത്തെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. ഇതേ കൂട്ടര്‍തന്നെയാണ് സംശുദ്ധനും ചോദ്യംചെയ്യപ്പെടാന്‍ കഴിയാത്ത സ്വഭാവവിശേഷത്തിനും ഉടമയായ പരിഷ്കര്‍ത്താവായി മന്‍മോഹന്‍സിങ്ങിനെ വാഴ്ത്തിയിരുന്നത്.

2ജി സ്പെക്ട്രം ഇടപാടില്‍ ഖജനാവിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ അഴിമതിയെ ന്യായീകരിക്കാന്‍ ശ്രമിച്ചത് ഈ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും ഇതിനെതിരെ ഫലപ്രദമായ നടപടിയൊന്നും സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നുമുള്ള ആശങ്കകളെ സ്ഥിരീകരിച്ചു. എല്ലാ കേസുകളിലും-2ജി ആയാലും കോമണ്‍വെല്‍ത്ത് ഗെയിംസ് ആയാലും-സര്‍ക്കാരിന് പുറത്തുള്ള ഏജന്‍സികളായ സുപ്രീംകോടതിയോ സിഎജിയോ ആണ് അന്വേഷണത്തിന് തുടക്കമിടാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സിബിഐയെ നിര്‍ബന്ധിച്ചത്. വിജിലന്‍സ് പോലെ നിലവിലുള്ള സംവിധാനങ്ങളില്‍നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത രീതിയില്‍ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നതോടെ പ്രശ്നം കൂടുതല്‍ വഷളായി. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്പാലിനെ നിയമിക്കുന്ന രീതി അതിന് സ്വതന്ത്രമായ അധികാരം നല്‍കുംവിധമല്ല. ഈ ബില്‍ വഴി രൂപീകൃതമാകുന്ന ലോക്പാല്‍ ഫലശൂന്യവും അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവര്‍ക്കും വന്‍കിട ബിസിനസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധകൂട്ടുകെട്ടിനും എതിരായി നടപടികള്‍ സ്വീകരിക്കാന്‍ സ്വതന്ത്രാധികാരം ഇല്ലാത്തതുമായിരിക്കും.

രണ്ടാമതായി, അണ്ണ ഹസാരെയെയും സഹപ്രവര്‍ത്തകരെയും അവര്‍ നിരാഹാരം ആരംഭിക്കുന്നതിനു മുമ്പ്, ആഗസ്ത് 16ന് രാവിലെ അറസ്റ്റുചെയ്ത രീതി കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ അഴിമതിവിരുദ്ധ പോരാളിയെ അറസ്റ്റുചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചത് പരിഹാസ്യമായി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിനുനേരെയുണ്ടായ കടന്നാക്രമണം പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാരിനെ ഒറ്റപ്പെടുത്തി. അണ്ണ ഹസാരെയുടെ പ്രസ്ഥാനം പാര്‍ലമെന്റിനും ഇതര ജനാധിപത്യ സംവിധാനങ്ങള്‍ക്കുമെതിരായി ആക്രമണം നടത്തുകയാണെന്ന് ഭരണകക്ഷി ആരോപിക്കുന്നു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനാല്‍ ഈ ആക്രമണം പാര്‍ലമെന്റിന് എതിരാണെന്ന് അവര്‍ പറയുന്നു. ഇത് തെറ്റിദ്ധാരണാജനകമായ വാദമാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഏതു ബില്ലിനെതിരായും പ്രതിഷേധം ഉയര്‍ത്താന്‍ രാഷ്ട്രീയപാര്‍ടികള്‍ക്കും പൗരന്മാരുടെ സംഘടനകള്‍ക്കും അവകാശമുണ്ട്. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ദ്രോഹകരമായ പല നിയമനിര്‍മാണങ്ങള്‍ക്കുമെതിരെ ഇടതുപക്ഷപാര്‍ടികളും ട്രേഡ് യൂണിയനുകളും ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ്, ബാങ്ക് തുടങ്ങിയ ധനമേഖലകളില്‍ ഉദാരവല്‍ക്കരണം നടപ്പാക്കാനുള്ള നിര്‍ദിഷ്ട നിയമത്തിനെതിരെ പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. 2002ല്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പോട്ട ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് തന്നെ എതിര്‍ത്തതാണ്. തുടര്‍ന്ന്, പോട്ട നിയമമായശേഷവും കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുകയും നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. അഴിമതി വലിയ പ്രശ്നമായി വളര്‍ന്നുവരികയും ജനങ്ങള്‍ ഇതേക്കുറിച്ച് ബോധവാന്മാരാവുകയും അഴിമതി ചെറുക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സ്വാഗതാര്‍ഹമാണ്. എന്നാല്‍ , പൊതുരംഗത്തെ സര്‍വമേഖലയിലും അഴിമതി പടര്‍ന്നുപിടിച്ചതിന്റെ കാരണം ശരിയായി വിലയിരുത്തണം. അഴിമതിയെന്ന ദുരന്തത്തെക്കുറിച്ചും ഇതിന്റെ കാരണങ്ങളെയും ഫലങ്ങളെയും സംബന്ധിച്ചും സിപിഐ എം ധാരണ രൂപപ്പെടുത്തിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ട് മുമ്പ് ഉദാരവല്‍ക്കരണവും നവ ഉദാരനയങ്ങളും രാജ്യത്ത് നടപ്പാക്കിയതോടെയാണ് അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്. വന്‍കിട ബിസിനസുകാരും ഭരണകക്ഷി രാഷ്ട്രീയക്കാരും ഉന്നത ബ്യൂറോക്രാറ്റുകളുമാണ് അഴിമതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎ, യുപിഎ ഭഭരണകാലത്ത് ഒരുപോലെ സ്വകാര്യവല്‍ക്കരണവും പ്രകൃതി വിഭവങ്ങളുടെ കൊള്ളയുമുണ്ടായി. ഭൂമിയും ധാതുസമ്പത്തും പ്രകൃതിവാതകവുമെല്ലാം രാജ്യത്തെയും വിദേശത്തെയും കുത്തകകള്‍ക്ക് കൈമാറുകയാണ്. രാഷ്ട്രീയവ്യവസ്ഥയെ വന്‍കിട മൂലധനശക്തികള്‍ കൈയടക്കി. രാഷ്ട്രീയം ബിസിനസായി മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിലൂടെയാണ് ബിസിനസും ഇന്ന് നടക്കുന്നത്. അതുകൊണ്ടുതന്നെ അഴിമതി തടയാന്‍ ബഹുമുഖ പരിശ്രമം വേണം. ശക്തമായ ലോക്പാല്‍ ബില്ലിനൊപ്പം തെരഞ്ഞെടുപ്പ് പരിഷ്കരണവും ജുഡീഷ്യറിയിലെ അഴിമതി തടയാന്‍ പ്രത്യേക നിയമനിര്‍മാണവും വേണം. കള്ളപ്പണം പിടിച്ചെടുക്കുകയും വിദേശത്തേക്ക് കള്ളപ്പണം കടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണം. ഇതിനെല്ലാം ഉപരിയായി, അഴിമതി നിറഞ്ഞ മാര്‍ഗങ്ങളിലൂടെ പണം കുന്നുകൂട്ടാന്‍ വഴിയൊരുക്കുകയും വന്‍കിട ബിസിനസുകാര്‍ക്ക് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ അനുമതി നല്‍കുകയുംചെയ്യുന്ന നവഉദാര നയങ്ങള്‍ അവസാനിപ്പിക്കണം.

ഹസാരെയുടെ പ്രസ്ഥാനത്തിനുള്ള പ്രധാന പിന്തുണ മധ്യവര്‍ഗത്തില്‍നിന്നാണ്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടപ്പാക്കിയ നവഉദാരവല്‍ക്കരണ നയത്തെ പിന്തുണയ്ക്കുന്നവരാണ് ഇതിലധികവും. എന്നാല്‍ , അഴിമതി പെരുകിയതോടെ അത് തടയാന്‍ അവര്‍ക്ക് ഒരു രക്ഷകനെ ആവശ്യമായിവന്നു. തങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് അവര്‍ കരുതുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തുടര്‍ന്നുകൊണ്ടുതന്നെ അഴിമതി അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ , നവഉദാര നയങ്ങളും അഴിമതിയും തമ്മിലുള്ള ജൈവബന്ധത്തെ കാണാന്‍ ഇവര്‍ തയ്യാറാകുന്നില്ല. മധ്യവര്‍ഗത്തിന്റെ പൊതുവെയുള്ള പ്രവണത അരാഷ്ട്രീയമാണ്. ഹസാരെയുടെ പ്രസ്ഥാനത്തിലും ഇത് തെളിഞ്ഞു കാണാം. എല്ലാ രാഷ്ട്രീയ പാര്‍ടികളെയും വിമര്‍ശിച്ച് പാര്‍ലമെന്റിനുവരെ അന്ത്യശാസനം നല്‍കിയ നടപടി സമരം നടത്തുന്നവരുടെ ജനാധിപത്യമൂല്യങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് സംശയമുണര്‍ത്തിയിട്ടുണ്ട്. ധനികഭഭരണവര്‍ഗത്തിനെതിരായ വന്‍ പ്രതിഷേധം ന്യായയുക്തമാണ്. എന്നാല്‍ , രാഷ്ട്രീയ പാര്‍ടികളെയോ ചെറുകിട അഴിമതിയെ മാത്രമോ വിമര്‍ശിച്ചതുകൊണ്ട് ധനികഭഭരണവര്‍ഗത്തെ നേരിടാനാകില്ല.

ഹസാരെയുടെ അരൂപിയായ പ്രസ്ഥാനത്തിന് ചുറ്റും കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ ശക്തികള്‍ പിന്തുണ അഭിനയിച്ച് രംഗത്തുണ്ട്. യഥാര്‍ഥത്തില്‍ അഴിമതി സൃഷ്ടിക്കുന്നവരിലേക്ക് പ്രക്ഷോഭത്തിന്റെ കുന്തമുന തിരിയാതിരിക്കാനാണ് അവരുടെ ശ്രമം. അഴിമതിയുടെ യഥാര്‍ഥ കാരണങ്ങള്‍ മറച്ചുപിടിക്കാന്‍ തുടര്‍ച്ചയായി ശ്രമം നടക്കുന്നു. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ ഈയിടെ "ദി ഹിന്ദു" ദിനപത്രം പ്രസിദ്ധീകരിച്ചു. "ഏറ്റവും അഴിമതിക്കാര്‍ ആരാണ്" എന്ന ചോദ്യത്തിന് 32 ശതമാനം പേര്‍ നല്‍കിയ മറുപടി സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ്; 43 ശതമാനം പേര്‍ ജനപ്രതിനിധികളെ അഴിമതിക്കാരായി കാണുന്നു. മൂന്നു ശതമാനം പേര്‍ മാത്രമാണ് വന്‍കിട ബിസിനസുകാരെയും വ്യവസായികളെയും ഏറ്റവും വലിയ അഴിമതിക്കാരായി കരുതുന്നത്. മധ്യവര്‍ഗത്തിന്റെ പൊതുധാരണ ഇതാണ്. എന്നാല്‍ , രാജ്യത്ത് അടുത്തകാലത്ത് പുറത്തുവന്നിട്ടുള്ള എല്ലാ അഴിമതികള്‍ക്കു പിന്നിലും വന്‍കിട ബിസിനസുകാരോ കോര്‍പറേറ്റുകളോ ആണുള്ളത്. ഇവര്‍ മന്ത്രിമാരുടെയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയോ പങ്കാളിത്തത്തോടെ നടത്തിയതാണ് ഈ അഴിമതികള്‍ .

2ജി, കോമണ്‍വെല്‍ത്ത്, ഗോദാവരി എണ്ണപര്യവേക്ഷണം എന്നീ അഴിമതികളിലെല്ലാം വന്‍കിട ബിസിനസുകാരുടെ കരങ്ങളുണ്ട്. സര്‍ക്കാര്‍ ലോക്പാല്‍ ഈ പ്രശ്നത്തെ സമീപിക്കുന്നേയില്ല. ജനലോക്പാല്‍ ബില്ലാകട്ടെ അനധികൃതമായി ലഭിച്ച കരാറുകള്‍ റദ്ദാക്കണമെന്ന് പറയുന്നുണ്ട്. എന്നാല്‍ , അഴിമതിവിരുദ്ധ പ്രസ്ഥാനം പൊതുവെ പ്രധാന ഘടകത്തെ അപ്രധാനമായി കാണുകയാണ്. സിപിഐ എമ്മും ഇതര ഇടതുപക്ഷ പാര്‍ടികളും അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരും. ലോക്പാല്‍ ബില്ലിനോടൊപ്പം ജുഡീഷ്യറിയുടെ ഉത്തരവാദിത്തം കാത്തുസൂക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണം. ജഡ്ജിമാരുടെ നിയമനത്തിനും ജഡ്ജിമാര്‍ക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാനും ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. പൊതുസമ്പത്ത് വന്‍കിട ബിസിനസുകാര്‍ക്ക് കൈമാറുന്ന സ്വകാര്യവല്‍ക്കരണത്തിനെതിരായും ഇടതുപക്ഷം പ്രക്ഷോഭം തുടരും. ഇപ്പോള്‍ , അഴിമതിക്കെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ ശക്തമായ ലോക്പാല്‍ സംവിധാനം നിലവില്‍ വരേണ്ടതുണ്ട്. സര്‍ക്കാര്‍ ലോക്പാലിനെ ജനങ്ങളില്‍ വലിയ വിഭാഗം തിരസ്കരിച്ചിരിക്കുന്നു; ഇടതുപക്ഷ പാര്‍ടികള്‍ക്കും മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ക്കും സര്‍ക്കാര്‍ ലോക്പാല്‍ സ്വീകാര്യമല്ല. ഈ സാഹചര്യത്തില്‍ , സര്‍ക്കാരിന് മറ്റ് വഴിയില്ല, നിലവില്‍ അവതരിപ്പിച്ച ബില്‍ പരിഷ്കരിക്കുകയോ പുതിയ ബില്‍ കൊണ്ടുവരികയോ ചെയ്ത് ശക്തമായ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്തണം. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ജനകീയസമ്മര്‍ദത്തിന് വഴങ്ങണം. 



Reference:-
പ്രകാശ് കാരാട്ട് ദേശാഭിമാനി 25 ആഗസ്റ്റ് 2011

No comments:

Post a Comment