Sunday

സില്‍ സിലാ ഹേ സില്‍ സിലാ...


       സില്‍സിലയെ ചീത്ത വിളിച്ച മലയാളിയുടെ തലയിലേക്ക് കൃഷ്ണനും രാധയുമായി സന്തോഷ് പണ്ഡിറ്റ് വന്നതുപോലെ ഉമ്മന്‍ ചാണ്ടി രാജി വയ്‍ക്കുമെന്നും പകരം രമേശ് ചെന്നിത്തല വരുമെന്നു കേള്‍ക്കുമ്പോള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്ന നമ്മ്‍ടെ ജോസിന് എന്തെങ്കിലും ക്ലെയിം കൊടുക്കാന്‍ സാധിക്കുമോ എന്നൊരു സാധ്യതയാണ് ആലോക്കുന്നത്. അല്‍പം കാറ്റുള്ള മുറി തേടി വന്ന തളത്തില്‍ ദിനേശനോട് ‘എന്നാല്‍ വടക്കുഭാഗത്തെ മുറിയെടുത്തോ അവിടെ നല്ല കാറ്റുണ്ട്’ എന്നു പറയുന്ന ലോഡ്‍ജുകാരനെപ്പോലെ ദൈവം ഉമ്മന്‍ ചാണ്ടിക്കു പകരം രമേശ് ചെന്നിത്തലയെ തന്നാല്‍ ‘എനിക്കത്ര കാറ്റ് വേണ്ടി വരില്ല’ എന്നു പറയാനുള്ള ഒരു ഓപ്‍ഷന്‍ നമ്മള്‍ കോമണ്‍ പീപ്പിളിന് ഉണ്ടാവുമോ ആവോ !
മന്ത്രിസഭ താഴെ വീഴുക തുടങ്ങിയ വിനോദവാര്‍ത്തകളൊക്കെ നമുക്ക് ആസ്വദിക്കാം. ഇത് അങ്ങനെയല്ല,ഉമ്മന്‍ ചാണ്ടി രാജി വച്ച് പകരം രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നാണ് ഭീഷണി. മുല്ലപ്പെരിയാര്‍ പൊട്ടുന്നതിനെക്കാള്‍ ലോകം അവസാനിക്കുന്നതാണ് നമ്മള്‍ പ്രിഫര്‍ ചെയ്യുന്നത്, എന്നിട്ടും…?
ഇപ്പോ എന്താ സംഭവിച്ചത് എന്നു വച്ചാല്‍,പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം വേണ്ടെന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ്‌ കോടതി തള്ളി.കേസിലെ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട്‌ മൂന്ന് മാസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് കോടതി വിധിയേക്കുറിച്ച് വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് വിജിലന്‍സ് വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ച തോന്നി ആദായനികുതി വകുപ്പുകാരാണ് സ്‍ട്രോങ് എന്ന്. ദേ ഇപ്പോ വിജിലന്‍സുകാര് റോക്ക്സ് (നമുക്കിട്ടു പണി കിട്ടും വരെ വല്ലവനും പണി കിട്ടുന്നത് സെലബ്രേറ്റ് ചെയ്യുന്നതാണല്ലോ സാമൂഹികവിമര്‍ശനം).
ഉമ്മന്‍ ചാണ്ടിയുടെ രാജിക്കു വേണ്ടി പ്രതിപക്ഷക്കാര്‍ കളത്തിലിറങ്ങിക്കഴിഞ്ഞു. താന്‍ കഴിഞ്ഞ 19 വര്‍ഷമായി നിയമസഭയ്ക്ക് അകത്തും പുറത്തും പോരാടിക്കൊണ്ടിരിക്കുന്ന വിഷയമാണ് പാമൊലിന്‍ കേസ്. ഇപ്പോള്‍ ഈ കേസില്‍ വിജിലന്‍സ് കോടതി നടത്തിയിരിക്കുന്ന ഉത്തരവ് സ്വാഗതാര്‍ഹമാണ്. ഈ ഉത്തരവിന് ഒരു വിധിയുടെ സ്വഭാവമുണ്ട് ;-) അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിക്ക് രാജിയല്ലാതെ മറ്റ് വഴിയില്ല: സഖാവ് വിഎസിന്റെ പ്രസ്താവന ഇങ്ങനെയാണ്.
പാമോയില്‍ കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയ്ക്ക് എതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം അദ്ദേഹംതന്നെ വഹിക്കുന്നത് ശരിയല്ല.അക്കാര്യത്തില്‍ കോടിയേരിക്കാരന്‍ പറയുന്നതാണ് കാര്യം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവയ്ക്കാന്‍ ഉമ്മന്‍‌ചാണ്ടി സന്നദ്ധനാകുമെന്നാണ് സൂചനകള്‍. ഒരു സി ബി ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തേക്കും എന്നും സൂചനകളുണ്ട്. എന്തായാലും കേരള രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരോടൊപ്പം വിഎസ് കഞ്ഞി കുടിച്ച വിഷയം മീഡിയ ഇവിടെ വിടും.
മോഹിച്ച പെണ്ണിനെ വേറൊരുത്തന്‍ കെട്ടുന്നത് കാണുമ്പോള്‍ ശരാശരി കാമുകന്‍ ഒന്നുകില്‍ തൂങ്ങിച്ചാവുകയോ നാടുവിട്ടുപോവുകയോ വാശിക്ക് വേറൊരുത്തിയെ കിട്ടുകയോ ചെയ്യും. എന്നാല്‍ അവളുടെ കെട്ടിയോന്റെ പൊക കാണുന്നതുവരെ വെയ്‍റ്റ് ചെയ്യാനുള്ള ദീര്‍ഘവീക്ഷണമുള്ളവന്‍ വെറും കാമുകനല്ല, കാമുകപ്പുലിയാണ്. മര്യാദയ്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അയ്യോ വേണ്ടേന്നും പറഞ്ഞ് പാവമായി നിന്നിരുന്ന രമേശ് ചെന്നിത്തലയുടെ ദീര്‍ഘവീക്ഷണം സമ്മതിച്ചുകൊടുക്കണം.ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ ഓഫിസിലെ ആ ലൈവ് ക്യാമറ ഓഫ് ചെയ്യാതെ കാര്യങ്ങളൊക്കെ (ഭരണം, അതുമാത്രമാണ് ഉദ്ദേശിച്ചത്) എങ്ങനെ നടക്കുമോ ആവോ !
Doubts: അഥവാ ഉമ്മന്‍ ചാണ്ടിയെങ്ങാനും അകത്തുപോയാല്‍ തിഹാര്‍ ജയിലിലായിരിക്കുമോ ബാലകൃഷ്ണപിള്ളയോടൊപ്പം ഇവിടെയെങ്ങാനുമായിരിക്കുമോ ? തിഹാര്‍ ജയിലിലാണെങ്കില്‍ മതിലിനപ്പുറത്തുള്ള കനിമൊഴിയുമായി ചര്‍ച്ച ചെയ്ത് മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുമോ ? (ഒരു നിമിഷം പോലും ചുമ്മാ ഇരിക്കാത്ത ആളാണ്). ഇവിടെയെങ്ങാനുമാണെങ്കില്‍ പരോളിലിറങ്ങി ജനസമ്പര്‍ക്കപരിപാടി നടത്തുമോ അതോ ജയിലിലെ സെല്ലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലൈവ് ആയി കാണിക്കുമോ ? (ന്യൂയോര്‍ക്ക് ടൈംസുകാര്‍ക്കു പണിയായി).

No comments:

Post a Comment