സിനിമ ജീവിതയാഥാര്‍ഥ്യത്തിന്റെ പച്ചയായ ആവിഷ്കാരമാണ് എന്നു ചില സിനിമക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സ്ഥിരമായി ഈ ആവിഷ്കാരങ്ങള്‍ കണ്ടു കണ്ട് അത് പച്ചയായി ജീവിതത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചു ചിലര്‍ പരാജയപ്പെട്ടിട്ടുമുണ്ട്. ലോകത്ത് ആകെ അവെയ്ലബിള്‍ ആയിട്ടുള്ള ഏതാനും കഥാസന്ദര്‍ഭങ്ങള്‍ വച്ച് ബുദ്ധിരാക്ഷസന്‍മാരായ തിരക്കഥാകൃത്തുക്കള്‍ നടത്തുന്ന ഞാണിന്‍മേല്‍ കളിയാണല്ലോ സിനിമ. കഥാസന്ദര്‍ഭങ്ങളുടെ കാര്യത്തിലെന്നതുപോലെ സീനുകളുടെയും ഷോട്ടുകളുടെയുമൊക്കെ കാര്യത്തിലും ഈ ക്ഷാമം നിലവിലുണ്ടോ ഇല്ലയോ എന്ന് ആരും പറയുന്നില്ല. പക്ഷെ, പതിവായി സിനിമ കാണുന്നവര്‍ക്ക് അങ്ങനെ ചില തോന്നലുകളുണ്ടായാല്‍ കുറ്റപ്പെടുത്തുന്നതെങ്ങനെ ?
പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളിലെ ഏറ്റവും പച്ചയായ ഒരു യാഥാര്‍ഥ്യമാണ് മരണം. മരിക്കാനും കൊല്ലാനും ആത്മഹത്യ ചെയ്യാനുമൊക്കെ ജനം പുതിയ പുതിയ വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുമ്പോള്‍ സിനിമയില്‍ തൂങ്ങിമരിക്കുന്നവനും മുങ്ങിച്ചാവുന്നവനും ട്രെയിനിനു തല വയ്ക്കുന്നവനുമൊക്കെ സ്ഥിരമായി ഒരേ രീതിയിലാണ് കൃത്യം നിര്‍വഹിക്കുന്നത്. അതുപോലെ തന്നെ എല്ലാവരും തൂങ്ങിമരിക്കില്ല, കോടീശ്വരന്മാര്‍ സ്വയം വെടിവച്ചു മരിക്കുകയാണ് പതിവ്. തീകൊളുത്തി മരിക്കുന്ന കഥാപാത്രത്തെ നോക്കി നായകന്‍ നിലവിളിക്കുകയല്ലാതെ ഒരു നായകനും ഇതുവരെ രക്ഷപെടുത്തിയിട്ടില്ല. നായിക കുളത്തില്‍ മുങ്ങിമരിച്ചാല്‍ മതിയെങ്കില്‍ നായകന്‍ കടല്‍പ്പാടത്തില്‍ നിന്നു ചാടിയേ മരിക്കാന്‍ പാടുള്ളൂ. മൊത്തത്തില്‍ ട്രാജഡി കൈകാര്യം ചെയ്ത് പഴകിയതോടെ കണ്ടു കണ്ടു ബോറടിച്ച പ്രേക്ഷകന് അതിന്റെ കോമഡിയാണ് ഇനി ആസ്വാദ്യകരമാകാന്‍ പോകുന്നത്.
തൂങ്ങിമരണം
ആത്മഹത്യ ചെയ്യാന്‍ ആളുകള്‍ എന്തൊക്കെ വെറൈറ്റികള്‍ പരീക്ഷിച്ചാലും സിനിമയിലെ കഥാപാത്രങ്ങള്‍ പരമ്പരാഗതമായ ബിംബങ്ങളില്‍ മുറുകെപ്പിടിച്ചാണ് മരിക്കുന്നത്. തൂങ്ങിമരണമാണ് മലയാള സിനിമയില്‍ ഏറ്റവുമധികം കഥാപാത്രങ്ങള്‍ ജീവനൊടുക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ള മാര്‍ഗം. അതില്‍ത്തന്നെ സാരി-ഫാന്‍ കോംബിനേഷനാണ് ഏറ്റവും പ്രിയം. ചിലര്‍ തൂങ്ങുന്നതിനു ജസ്റ്റ് മുമ്പ് പ്രേമലേഖനം എഴുതുന്നതു പോലെ നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ ആത്മഹത്യാക്കുറിപ്പുമെഴുതും. അത് നല്ല ഭംഗിയായി മടക്കി കവറിനുള്ളിലാക്കി വച്ചിട്ടേ അവര്‍ തൂങ്ങൂ. സ്റ്റൂളില്‍ നിന്നും ചാടുമ്പോള്‍ സ്റ്റൂള്‍ മറിഞ്ഞു വീഴും എന്നതൊരു പ്രത്യേകതയാണ്. നായകനോ നായികയോ പഴമ്പുരാണം വിളമ്പുമ്പോള്‍ അച്ഛനോ അമ്മയോ കുടുംബത്തിലെ എല്ലാവരുമോ ജീവനൊടുക്കിയതായി പറയുന്നുണ്ടെങ്കില്‍ അന്തരീക്ഷത്തില്‍ തൂങ്ങിയാടുന്ന രണ്ട് (അല്ലെങ്കില്‍ മരിച്ചവരുടെ എണ്ണമനുസരിച്ച്) കാലുകള്‍ കാണിക്കുകയാണ് പതിവ്. സിനിമയില്‍ തൂങ്ങിയിട്ടുള്ള കഥാപാത്രങ്ങളില്‍ മിക്കവാറും എല്ലാവരും തന്നെ മരിച്ചിട്ടുമുണ്ട്.
ഞരമ്പു മുറിക്കല്‍
തൂങ്ങിമരണം കഴിഞ്ഞാല്‍ പിന്നെ പ്രിയപ്പെട്ടത് കൈത്തണ്ടയിലെ ഞരമ്പു മുറിക്കുന്നതാണ്. പക്ഷെ, കൈത്തണ്ടയിലെ ഞരമ്പു മുറിക്കുന്ന പണി സ്ത്രീകഥാപാത്രങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ബ്ലേഡ് അല്ലെങ്കില്‍ കേക്ക് മുറിക്കുന്ന കത്തിയാണ് ഇതിനുപയോഗിക്കുന്നത് കുളിമുറിയില്‍ വച്ചാണ് ചടങ്ങ് നടത്തുന്നത്. തറയൊക്കെ വൃത്തികേടാവേണ്ട എന്നു കരുതിയിട്ടെന്നപോലെ ഞരമ്പു മുറിച്ചാലുടനേ കഥാപാത്രം നിറയെ വെള്ളമുള്ള ബക്കറ്റില്‍ കൈമുക്കി ഏതോ നിര്‍വൃതിയിലെന്നപോലെ ചാരിയിരിക്കും. എന്നാല്‍, ഞരമ്പു മുറിക്കലിന് മരണസാധ്യത കുറവാണെന്നൊരു കുഴപ്പമുണ്ട്. യാദൃച്ഛികമായി നായികയുടെ കുളിമുറിയില്‍ കയറുന്ന നായകന്‍ നായികയെ ഈ പരുവത്തില്‍ കാണുകയും കോരിയെടുത്ത് ആശുപത്രിയിലെത്തിച്ച് സ്വന്തം രക്തം (സിനിമയില്‍ ഗ്രൂപ്പൊന്നും ഒരു പ്രശ്നമല്ല) കൊടുത്ത് രക്ഷിക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്.
ട്രെയിനിനു തല വയ്ക്കല്‍
ട്രെയിനിനു തല വയ്ക്കുന്ന ഏര്‍പ്പാട് രണ്ടു തരത്തിലാണ്. പട്ടുമെത്തയില്‍ കിടക്കുന്നതുപോലെ ട്രാക്കിനു കുറുകേ കിടക്കുകയും ട്രെയിന്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടി അപ്പുറത്തെ ട്രാക്കിലൂടെ നിലവിളിച്ചു കടന്നുപോവുകയും ചെയ്യുന്നതാണ് ഒന്ന്. മറ്റൊന്ന് കലി അല്ലെങ്കില്‍ നിരാശ പൂണ്ട നായിക ദൂരെ നിന്നു വരാന്‍ സാധ്യതയുള്ള ട്രെയിനിനെ ലക്ഷ്യമാക്കി ട്രാക്കിലൂടെ ചവുട്ടിക്കുതിച്ചു പോവുന്നതാണ്. ട്രെയിനിനെ ആക്രമിക്കാനെന്ന മട്ടിലുള്ള ആ വരവ് കണ്ടിട്ടെന്നപോലെ ഹോണടിച്ചു വരുന്ന ട്രെയിന്‍ നായികയെ ഇടിച്ചു ഇടിച്ചില്ല എന്നാവുമ്പോഴേക്കും നായകന്‍ ടാര്‍സനെ പോലെ ചാടിവന്ന് നായികയെ ട്രാക്കില്‍ നിന്നു തട്ടിത്തെറിപ്പിക്കുകയും ട്രെയിന്‍ അപകടമൊന്നും കൂടാതെ കടന്നുപോവുകയും ചെയ്യും. ട്രാക്കിനു താഴേക്ക് കിടക്കുന്ന ചെരിവിലൂടെ ആലിംഗനബദ്ധരായി ഉരുണ്ടുരുണ്ട് നായകനും നായികയും അങ്ങു പൊയ്ക്കോളും.
മുങ്ങിമരണം
വലിയ തറവാട്ടിലെയോ നാലുകെട്ടിലെയോ നായികമാരാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. ആദ്യം മുതല്‍ നായിക താളിതേച്ചു കുളിക്കുകയും നായകന്‍ വെള്ളത്തിനടിയിലൂടെ വന്ന് കാലില്‍ പിടിക്കുകയുമൊക്കെ ചെയ്തിട്ടുള്ള അതേ കുളത്തില്‍ നായികയെ മുക്കിക്കൊല്ലുന്നതിലൂടെ തിരക്കഥാകൃത്ത് ഒരു കാവ്യനീതിയും ഉദ്ദേശിക്കുന്നുണ്ട്. സ്വന്തമായി കുളമില്ലാത്ത നായികയാണെങ്കില്‍ അമ്പലക്കുളത്തിലായിരിക്കും ഉദ്യമം. ആത്മഹത്യകളില്‍ വച്ച് ചിത്രീകരിക്കാന്‍ ഏറ്റവും എളുപ്പമുള്ളത് ഇതാണ്. നായിക കുളപ്പടവില്‍ നില്‍ക്കുന്നു, മുടിയഴിച്ചിടുന്നു (അതൊരു ആചാരമാണ്) നിര്‍വികാരതയോടെ മെല്ലെ മെല്ലെ വെള്ളത്തിനടിയിലേക്ക് നടന്നിറങ്ങുന്നു. വെള്ളത്തില്‍ പൂര്‍ണമായി മുങ്ങുന്നതുവരെ കണ്ണുപോലും ചിമ്മാതെ നായിക വിദൂരതയിലേക്കു നോക്കിക്കൊണ്ടിരിക്കും. പൂര്‍ണമായി മുങ്ങിക്കഴിഞ്ഞാല്‍ പിന്നെ അക്വേറിയത്തിനടിയില്‍ നിന്നെന്ന പോലെ കുറെ നേരം കുമിളകളുയരുന്നത് കാണിച്ചാല്‍ മതി. കുമിളകള്‍ നില്‍ക്കുമ്പോള്‍ കഥാപാത്രം മരിച്ചു എന്നു പ്രേക്ഷകന്‍ വിശ്വസിക്കണം. അത്രേയുള്ളൂ. നല്ല ക്യാമറാമാനും പരീക്ഷണത്തിനു തയ്യാറായ സംവിധായകനുമാണെങ്കില്‍ നായിക വെള്ളത്തിലേക്കു ചാടുമ്പോള്‍ ക്യാമറയും ഒപ്പം ചാടും. വെള്ളത്തിനടിയില്‍ നിന്നുള്ള സീനുകള്‍ കാണിച്ചാല്‍ ‘ക്യാമറ തകര്‍ത്തു’ എന്നു പ്രേക്ഷകന്‍ പറയുമെന്നാണ് വിശ്വാസം.
അപകടമരണം
സിനിമയില്‍ വാഹനാപകടം രണ്ടു തരത്തിലേ സംഭവിക്കാറുള്ളൂ. ഒന്ന്, കാറ് അല്ലെങ്കില്‍ ബൈക്ക് ഓടിച്ചു പോകുന്ന കഥാപാത്രം വില്ലന്‍ ലുക്കുള്ള ലോറിയുടെ കീഴെ പോയി കയറുന്നു. രണ്ട്, നിയന്ത്രണം വിട്ടു പോകുന്ന കാര്‍ വലിയ കൊക്കയില്‍ നിന്ന് താഴേയ്ക്ക് (സ്ലോ മോഷനില്‍ മാത്രം) വീഴുന്നു. രണ്ടായാലും അപകടത്തില്‍ പെടേണ്ട കഥാപാത്രം അപകടമുണ്ടാകുന്ന സീനിന്റെ തൊട്ടു മുന്‍പത്തെ സീനില്‍ മാത്രം ഒരു കാരണവുമില്ലാതെ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കും. ഒറ്റയ്ക്കല്ലെങ്കില്‍ കാറിലുള്ള എല്ലാവരും കളിയും ചിരിയുമായിരിക്കും. ഒരു മിനിട്ടിലധികം ഡ്രൈവിങ് സീന്‍ തുടരുകയാണെങ്കില്‍ കക്ഷി അപകടത്തിലേക്കാണെന്ന് പ്രേക്ഷകന്‍ ഉറപ്പിക്കും. കാരണം, കാലമെത്രയായി പ്രേക്ഷകന്‍ ഇത് കണ്ടുതുടങ്ങിയിട്ട്. അകാരണമായ ഡ്രൈവിങ് മരണത്തിനു കാരണമാകും എന്ന് പ്രേക്ഷകന്‍ തന്നെ മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്. അതനുസരിച്ച് കഥാപാത്രം വാഹനമോടിക്കുന്ന സീന്‍ കാണിക്കാന്‍ തുടങ്ങിയാല്‍ ലോറിയുടെ അടിയില്‍ ചെന്നു കയറുന്നതു വരെ പ്രേക്ഷകനു സമാധാനമില്ല. ഇനി വ്യത്യസ്തത പരീക്ഷിക്കുന്ന ചില സംവിധായകരുണ്ട്. ഈ ഡ്രൈവിങ് ഒരു കാര്യവുമില്ലാതെ അങ്ങു കാണിക്കും. എന്നിട്ട് അപകടത്തില്‍ പെട്ടില്ലെങ്കിലോ, താന്‍ വഞ്ചിക്കപ്പെട്ടതായി പ്രേക്ഷകന് തോന്നുകയും ചെയ്യും.
കാര്‍ ലോറിയില്‍ ഇടിച്ചാല്‍ ആകാശത്തേക്ക് തെറിച്ചുപോകും എന്നിട്ട് അന്തരീക്ഷത്തില്‍ വച്ച് പൊട്ടിത്തെറിക്കും, അങ്ങനെയാണ് കീഴ്വഴക്കം. വാഹനം കൊക്കയിലേക്കാണ് വീഴുന്നതെന്നിരിക്കട്ടെ താഴേയ്ക്കു പതിച്ചു തുടങ്ങുമ്പോഴേ പാര്‍ട്സ് ഒന്നൊന്നായി ഇളകി വീഴാന്‍ തുടങ്ങും വീഴുന്ന വീഴ്ചയില്‍ എവിടെങ്കിലും തട്ടി അല്ലെങ്കില്‍ താഴെ പതിക്കുന്നതിന്റെ ആഘാതത്തില്‍ പൊട്ടിത്തെറിക്കുകയാണ് പതിവ്. ബൈക്കടപകടവും ഇതേ ഫോര്‍മാറ്റിലാണെങ്കിലും അപകടം കഴിഞ്ഞ ശേഷമുള്ള സീന്‍ എപ്പോഴും ഒന്നുതന്നെയായിരിക്കും: ലോറിയുടെ അടിയിലേക്ക് പകുതി കയറിയിരിക്കുന്ന ബൈക്ക്, പക്ഷെ പുറത്തു കാണാവുന്ന വീല്‍ മാത്രം ചുമ്മാ കറങ്ങിക്കൊണ്ടിരിക്കും. അതേ സമയം, കോടീശ്വരിയും എന്നാല്‍ അനാഥയുമായ നായികയുടെ മാതാപിതാക്കള്‍ പണ്ടു മരിച്ചുപോയതാണെങ്കില്‍ ഉറപ്പായും വിമാനാപകടത്തിലായിരിക്കും. വിമാനാപകടത്തില്‍പ്പെടാന്‍ മാത്രം സമ്പന്നരല്ലെങ്കില്‍ ‘കാര്‍ ആക്സിഡന്റ്’ ആയിരിക്കും.
ലക്ഷത്തിലൊരാള്‍ക്കു വരുന്ന അസുഖം
എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങി കേരളത്തില്‍ അനേകം പേരെ കൊന്നൊടുക്കിയ അസുഖങ്ങളൊന്നും സിനിമയിലെ കഥാപാത്രങ്ങളെ ബാധിക്കാറില്ല. ബ്ലഡ് ക്യാന്‍സര്‍, ബ്രെയിന്‍ ട്യൂമര്‍ അല്ലെങ്കില്‍ ലക്ഷത്തിലൊരാള്‍ക്കു വരുന്ന അപൂര്‍വരോഗം ഇതിലേതെങ്കിലുമൊന്നാണ് ബാധിക്കാറുള്ളത്. ലക്ഷത്തിരൊള്‍ക്കു വരുന്ന അസുഖത്തിന് പ്രത്യേകിച്ചു പേരൊന്നുമുണ്ടാവില്ല. പക്ഷെ വിദഗ്ധനായ ഡോക്ടര്‍ ‘മെഡിക്കല്‍ സയന്‍സില്‍ ഇതിന് Ablepharon Macrostomia Syndrome എന്നു പറയും’ എന്ന ലൈനില്‍ വിശദീകരിക്കുമ്പോള്‍ ഇത്രയും വലിയ രോഗമൊന്നും താങ്ങാനുള്ള ശേഷി നമ്മുടെ നായകനില്ലെന്ന് പ്രേക്ഷകനും ഉറപ്പിക്കും. നായകന്‍ രക്ഷപെടാനുള്ള സാധ്യത 50-50 ആയിരിക്കും. ഒടുവില്‍ നായകന്‍ അദ്ഭുതകരമായി രക്ഷപെടുകയോ 50-50ല്‍ തന്നെ പ്രേക്ഷകനെ നിര്‍ത്തി സിനിമ അവസാനിക്കുകയോ ചെയ്യും. അപസ്മാരവും സിനിമക്കാരുടെ പ്രിയപ്പെട്ട രോഗമാണ് (അപസ്മാരരോഗിയായി അഭിനയിച്ചാല്‍ നാഷനല്‍ അവാര്‍ഡ് കിട്ടും എന്നൊരു വിശ്വാസമുണ്ടത്രേ).
കൊലപാതകം
കൊലപാതകം സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാല്‍ കൊല്ലപ്പെടുന്ന കഥാപാത്രത്തിന്റെ പ്രാധാന്യമനുസരിച്ചാണ് കൊലയ്ക്ക് ഉപയോഗിക്കുന്ന ആയുധവും മാര്‍ഗവും കൊല നടത്താനെടുക്കുന്ന സമയവും നിര്‍ണയിക്കുന്നത്. ഊരും പേരുമില്ലാത്ത വെറും ഗുണ്ടകളാണെങ്കില്‍ ഒറ്റവെടിക്ക് അല്ലെങ്കില്‍ ഒറ്റ വെട്ടിനു തീരും. കഥാപാത്രമായി ഇടക്കിടെ വന്നു വിരട്ടുന്ന ഗുണ്ടയോ പ്രധാനവില്ലന്റെ സഹായിയോ സഹോദരനോ ഒക്കെയാണെങ്കില്‍ അടിയുടെയും വെടിയുടെയും എണ്ണം കൂടുതല്‍ വേണ്ടി വരും. നായകനോ നായികയ്ക്കോ ആത്മബന്ധമുള്ള കഥാപാത്രമാണ് കൊല്ലപ്പെടുന്നതെങ്കില്‍ കുത്തിക്കൊല്ലുകയാണ് പതിവ്. കുത്തുകൊള്ളുന്ന കഥാപാത്രത്തിന്റെ വിറയലും പിടച്ചിലും സ്റ്റേറ്റ് അവാര്‍ഡ് നിലവാരത്തിനുള്ളതായിരിക്കും. ക്രൂരമായ കൊലപാതകമാണെന്നു തോന്നിക്കാനാണെങ്കില്‍ ഒന്നിലേറെ തവണ കുത്തും.
നായകന്‍ വില്ലനെ കൊല്ലുന്ന രീതിയാണ് ഏറ്റവും വിചിത്രം. വില്ലനെ കൊല്ലാനുള്ള എല്ലാ ആയുധങ്ങളും കയ്യിലുണ്ടെങ്കിലും നായകന്‍ അതൊന്നും ഉപയോഗിക്കില്ല. വില്ലനെ മരണവക്ത്രത്തില്‍ നിര്‍ത്തിക്കൊണ്ട് ആദ്യം കുറ്റപത്രം ഡയലോഗായി അവതരിപ്പിക്കും. എന്നിട്ട് സകല ആയുധങ്ങളും താഴെ വച്ച് അടിച്ചും ഇടിച്ചുമൊക്കയായി കൊല്ലണമെന്നാണ് ശാസ്ത്രം. കയ്യോ കാലോ (ചിലപ്പോള്‍ രണ്ടും) വെട്ടിയെടുത്ത ശേഷം മരണത്തെക്കാള്‍ ക്രൂരമായ ശിക്ഷ ഇതാണെന്നൊക്കെയുള്ള താത്വികമായ അവലോകനവും പതിവാണ്. അധോലോകരാജാവാണ് വില്ലനെങ്കില്‍ പുള്ളിക്കാരനെ അധോലോകകേന്ദ്രത്തിനുള്ളില്‍ ഇടിച്ചുപഞ്ചറാക്കിയിട്ട ശേഷം നായകനും പാര്‍ട്ടിയും പുറത്തുവന്ന് ആ കേന്ദ്രം മൊത്തത്തോടെ ചാമ്പലാക്കുകയും ആ അഗ്നിനാളങ്ങള്‍ ആകാശം മുട്ടെ ഉയരുമ്പോള്‍ സിനിമ അവസാനിക്കുകയുമാണ് ആധുനിക മലയാള സിനിമയിലെ നീതി. നിയമത്തിനു വിട്ടുകൊടുത്താല്‍ പഴുതുകളിലൂടെ രക്ഷപെടാന്‍ സാധ്യതയുള്ള വില്ലന്‍ ഭാവിയില്‍ പ്രേക്ഷകരെ ഉപദ്രവിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണെന്ന മട്ടിലാണ് നായകനും സംഘവും ചേര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത്.
No comments:
Post a Comment