Monday

ഓഗസ്റ്റ് ക്ലബിലെ ലൈംഗിക ബന്ധങ്ങള്‍..


         മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രചിന്തകനും എഴുത്തുകാരനും നടനും വിവര്‍ത്തകനുമൊക്കെയായി സാംസ്‌കാരിക കേരളത്തില്‍ അറിയപ്പെടുന്ന കെ.ബി വേണുവിന്റെ ആദ്യചലച്ചിത്രമാണ് ആഗസ്റ്റ് ക്ലബ്. മലയാളത്തില്‍ ജനപ്രിയതയിലും രചനാവൈശിഷ്ട്യത്തിലും ഏറ്റവും മേലേ നില്ക്കുന്ന പത്മരാജന്റെ മകന്‍ ആയ അനന്തപത്മനാഭന്റെ ആദ്യത്തെ തിരക്കഥയുമാണ് ചിത്രം. പക്ഷേ, രണ്ടുപേരും പ്രതീക്ഷകള്‍ കാത്തോ എന്നു സംശയിപ്പിക്കുകയാണ് ആഗസ്റ്റ് ക്ലബ്ബിന്റെ കാഴ്ചാനുഭവം.August
ആഗസ്റ്റ് ക്ലബില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് അദ്ദേഹമായിത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. മാപ്പുസാക്ഷി മുതല്‍ എഴുതാപ്പുറങ്ങള്‍ വരെയുള്ള സിനിമകള്‍ക്ക് ശേഷം നീണ്ട ഇടവേളയ്ക്കുശേഷമാണ് അദ്ദേഹം സ്വയം ആവിര്‍ഭവിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആഗസ്റ്റ് ക്ലബിനെപ്പറ്റി പറയാം. ഒരു ചെസ് കളിക്കാരിയും ഒരു ചെസ് കളിക്കാരനും തമ്മിലുള്ള ബന്ധവും ആ ബന്ധത്തില്‍ അന്തര്ലീബനമായ വൈരുദ്ധ്യങ്ങളും സമസ്യകളുമാണ് ആഗസ്റ്റ് ക്ലബിന്റെ കേന്ദ്രപ്രമേയം. എങ്കിലും സുഖാനുഭവത്തിന്റെയും ദുഖാനുഭവത്തിന്റെയും വാസ്തവം എന്തെന്നറിയാതെ, ദുഃഖവിസ്മയം കൊള്ളുന്ന മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അവബോധവും ഈ ചിത്രത്തിലുണ്ട്.
നന്ദന്‍ – സാവിത്രി ദമ്പതികളുടെ കുടുംബജീവിതമാണ് ആഗസ്റ്റ് ക്ലബിന്റെ കഥാപരിസരം. അവര്‍ക്ക് രണ്ടു മക്കളുണ്ട്. വിവാഹം കഴിഞ്ഞിട്ട് എട്ടു വര്‍ഷമായിരിക്കുന്നു. കടലോരത്തെ വീട്ടിലാണു താമസം. നന്ദന് നിന്നുതിരിയാനാകാത്തത്ര ജോലിത്തിരക്കുകളുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷമിത്രയായിട്ടും നന്ദന് ഭാര്യയിലുള്ള തൃഷ്ണയൊടുങ്ങിയിട്ടില്ല. അവള്‍ക്കും ഭര്‍ത്താവല്ലാതൊരു പുരുഷന്‍ മനസ്സിലില്ല. എന്നാല്‍, എത്ര മോഹം മനസ്സിലും ശരീരത്തിലുമുണ്ടായിട്ടും നന്ദന്റെ ജോലിത്തിരക്കും മദ്യപാനശീലവും മൂലം അവരുടെ തൃഷ്ണാശമനങ്ങള്‍ സാദ്ധ്യമാകുന്നില്ല. സാവിത്രി ഒരു ഗംഭീര ചെസ് കളിക്കാരിയാണ്. സ്ഥലത്തെ ആഗസ്റ്റ് ക്ലബ് ചെസ് കളിക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ക്ലബും. അവിടത്തെ എല്ലാ പ്രധാനകളിക്കാരെയും തോല്‍പ്പിച്ച് വിലസി നില്‍ക്കുകയാണ് സാവിത്രി.
August-Club-follows
അങ്ങനെയിരിക്കെയാണ് ശിശിര്‍ എന്നൊരു യുവാവ് അവിടെത്തുന്നത്. അയാള്‍ സാവിത്രിയെ തുടരെ ചെസില്‍ തോല്പിക്കുന്നു. ഇതിനിടെ വിവാഹേതര ലൈംഗികബന്ധങ്ങളില്‍ താല്പര്യമുള്ള ലീനയെന്ന സുഹൃത്ത് അതൊന്നും ഒരു തെറ്റല്ലെന്നുള്ള പലതവണത്തെ പറച്ചിലിലൂടെ സാവിത്രിയില്‍ ഒരു ഇളക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഈ ഇളക്കവും തന്നെ തുടരെ തോല്പിക്കുന്നതിലൂടെ ശിശിര്‍ നേടിയെടുക്കൊന്നു അധികാരഭാവവും മെല്ലെ സാവിത്രിയെ വികാരങ്ങളുടെ ലീലകള്‍ക്ക് അധീനയാക്കുന്നു. പൊടുന്നനെ ഭര്‍ത്താവിന് ഉത്തരേന്ത്യയിലേക്കു സ്ഥലംമാറ്റമുണ്ടാകുന്നു. കുട്ടികള്‍ അവധിക്കാലം ചെലവാക്കാന്‍ അച്ഛന്റെ തറവാട്ടിലേക്കു പോകുന്നു. തനിച്ചാകുന്ന സാവിത്രിക്കു കൂട്ടായ ജോലിക്കാരി ഭഗവതിയമ്മ ലീവില്‍ പോകുകയാണ്. ഇങ്ങനെ എല്ലാത്തരത്തിലും ശിശിറും സാവിത്രിയും തമ്മിലൊരു സംഗമത്തിനു വഴിയൊരുങ്ങിവരികയും ചെയ്യുന്നു. ശിശിറിന്റെ ഭാഗത്തു നിന്ന് സെഡ്യൂസ് ചെയ്യാനുള്ള ശ്രമമുണ്ടുതാനും. ഇവിടെ സാവിത്രിയുടെ മനസ്സിനും ശരീരത്തിനും ജീവിതത്തിനും എന്തുസംഭവിക്കും എന്ന ജിജ്ഞാസയുണര്‍ത്തിയാണ് സിനിമ അവസാനത്തിലേക്കു മുന്നേറുന്നത്.
ചെസ് കളി പ്രധാനപ്രമേയ ഒരു ലോകസിനിമയുണ്ട്. ബെര്‍ഗ്‌മാന്റെ സെവന്ത് സീല്‍. ആ ചിത്രത്തിലെ ചില രംഗങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന തുടക്കമാണ് ആഗസ്റ്റ് ക്ലബിന്റേത്. കടല്‍‌ത്തീരത്തെ ചതുരംഗപ്പലകയിലെ കരുക്കളെ അജ്ഞാതനായ ഒരു കുതിരപ്പടയാളി തട്ടിയിടുന്നത്. ആ രംഗം പിന്നീട് ആവര്‍ത്തിക്കുന്നുമുണ്ട്. ശിശിര്‍ ആണ് ആ അജ്ഞാതന്‍. കുതിരയാണ് ചെസില്‍ അവന്റെ ബലം. സെക്‌സ് – കുതിര എന്ന ഒരു ജയന്‍ സിദ്ധാന്തമുണ്ടല്ലോ. അതിവിടെ വരുന്നുണ്ട്. ക്വീനാണ് സാവിത്രിയുടെ ബലം. അവള്‍ സ്വയം ക്വീനാണ്. ഈയൊരു ബലാബലം ചെസിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചതില്‍ തീര്‍ച്ചയായും പുതുമയുണ്ട്. എന്നാല്‍, ആ പുതുമയെ ആസ്വാദ്യമാക്കും വിധം കാര്യമായൊന്നും ആഗസ്റ്റ് ക്ലബ്ബില്‍ കണ്ടില്ലെന്നതാണു നിരാശ.August-Club
യക്ഷിയുടെ ചലച്ചിത്രാവിഷ്‌കാരമായ അകത്തിലെന്നപോലെ ഇവിടെയും സ്ത്രീയുടെ മാലാഖത്വവും യക്ഷിത്വവുമാണ് നന്ദന്റെ സംഭാഷണങ്ങളില്‍ വരുന്നത്. സത്യം ശിവം സുന്ദരമടക്കമുള്ള മുന്‍‌കാല സിനിമകളെപ്പറ്റിയും നന്ദന്‍ സംസാരിക്കുന്നുണ്ട്. എപ്പോഴും ഭാര്യയെ എടീ എന്നു വിളിക്കുന്ന, ചിലപ്പോഴെങ്കിലും എടീ ഫൂളേ എന്നു വിളിക്കുന്ന, ബെഡ് റൂമെന്നാല്‍ തന്റെ ലൈംഗികസിദ്ധാന്തങ്ങളുടെ ഏകപക്ഷീയമായ പരീക്ഷണ ശാലയാണെന്നു കരുതുന്ന നന്ദന്‍. നന്ദന് തന്റെ അച്ഛന്റെ മണമാണെന്നു പറയുന്ന സാവിത്രി ഇങ്ങനൊരു സ്ത്രീപുരുഷബന്ധത്തെയാണ് ഏറെക്കുറെ ഐഡിയലെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നത്. അത് അത്രമേല്‍ സുഖകരമാണെന്നു കരുതാനാവില്ല.
സാവിത്രി തന്റെ ഉള്‍ക്കരുത്ത് തിരിച്ചറിയുന്നതും അവള്‍ ശിശിറിനെ തോല്പിക്കുന്നതും അപ്രതീക്ഷിതമല്ലെങ്കിലും ആ ആക്കമാണ് സിനിമയ്ക്ക് ഒരു മുഴക്കവും മുരള്‍ച്ചയും സമ്മാനിക്കുന്നത്. പക്ഷേ, സാകുച്ച് എന്ന് നന്ദന്‍ പാസ് വേഡിട്ടിരുന്നു എന്നും ആ ലാപില്‍ നിറയെ ചെസ് കളിയുടെ പാഠങ്ങളായിരുന്നെന്നും അയാള്‍ അവള്‍ക്കു വേണ്ടി ചെസ് പഠിക്കുകയായിരുന്നു എന്നും തിരിച്ചറിഞ്ഞ് പാതിവ്രത്യത്തിലേക്ക് തിരിച്ചുപോകുന്ന സാവിത്രി വലിയ അത്ഭുതമൊന്നും സൃഷ്ടിക്കുന്നില്ല. നാട്ടിലെ സ്ത്രീകള്‍ മുഴുവന്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെടണമെന്ന് ഇവിടെയാര്‍ക്കും അഭിപ്രായമില്ല. പക്ഷേ, സ്ത്രീകളുടെ ലൈംഗികചിന്തകളും അവരുടെ ഭാവനകളും ഇങ്ങനെയൊക്കെയാണ് ചരിക്കുന്നതെന്നും അത് ഇങ്ങനെയാണ് അപഥസഞ്ചാരമോഹം വിട്ട് നാഷണല്‍ ഹൈവേയിലേക്ക് തിരിച്ചുവരുന്നതെന്നും അങ്ങുറപ്പിച്ചുപറയുമ്പോള്‍, ഈ പാതിവ്രത്യസംരക്ഷണത്തെക്കുറിച്ചു പാവം തോന്നിപ്പോകുന്നു.
ഇവിടെയാണ് സിനിമയിലെ സാവിത്രി എന്ന പേര് അര്‍ത്ഥപൂര്‍ണമാകുന്നത്. ആധുനികോത്തരയുഗത്തിലെ സത്യവാന്‍ സാവിത്രിയാണിത്. ഭര്‍ത്താവിന്റെ സ്വകാര്യജീവിതം എങ്ങനെയായാലും അവളതില്‍ സംശയം കാണുന്നില്ല. മറ്റൊരു സാവിത്രിയെയും ഇവിടെ ഇഴചേര്‍ക്കേണ്ടതുണ്ട്. സ്മാര്‍ത്തവിചാരം നേരിട്ട താത്രിക്കുട്ടി എന്ന സാവിത്രി. ഈ സാവിത്രിയും അവളുടെ കഥയും ഈ സന്ദര്‍ഭത്തിലാണ് ആലോചിക്കപ്പെടേണ്ടത്. സാവിത്രിയുടെ ഒപ്പമുള്ള സ്ത്രീയുടെ പേര് ഭഗവതി എന്നാണ്. ആ ഭഗവതിയാണ് അവള്‍ക്കു തുണ. ആ തുണ അവള്‍ വേണ്ടെന്നുവയ്ക്കുന്നത് ഒരു ഗുഢമായ കുഴപ്പത്തിനാണ്.
ഭര്‍ത്താവിനും അന്യപുരുഷനും ഇടയില്‍ സ്ത്രീ അനുഭവിക്കുന്ന ഇച്ഛാസംഘര്‍ഷത്തിന്റെ മനോഹരമായ ചിത്രണം ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത് അദ്ദേഹവും മെര്‍ലിന്‍ സ്ട്രീപ്പും അഭിനയിച്ച ബ്രിജ്ജസ് ഓഫ് മാഡിസണ്‍ കൗണ്ടി എന്ന ചിത്രത്തില്‍ കാണാം. എന്നാല്‍ ആഗസ്റ്റ് ക്ലബ്ബില്‍ അങ്ങനൊരു ആന്തരികവ്യഥയല്ല, നേരേ മറിച്ച് വെറുമൊരു അയലത്തെ അദ്ദേഹം സിന്‍ഡ്രോം മാത്രം. ഇവിടത്തെ പെണ്ണുങ്ങളെപ്പറ്റി കച്ചവട സിനിമ മുന്നോട്ടുവച്ച ഈ അയലത്തെ അദ്ദേഹം സിദ്ധാന്തത്തെ ഉള്ളില്‍ വഹിക്കുന്നുണ്ട് ആഗസ്റ്റ് ക്ലബ്ബും.August-Club
വസുധൈവകുടുംബകം തൊട്ട് എമിലി ഡിക്കിണ്‍സണും ഡിഎച്ച് ലോറന്‍സും ബിഥോവനും ഒക്കെ കയറിവരുന്ന സിനിമ പക്ഷേ, അനാവശ്യസീനുകളും സംഭാഷണങ്ങളും നിറഞ്ഞ് അമിതഭാരത്തോടെ നില്‍ക്കുന്നു. നന്ദന്റെ വീട്ടിലേക്ക് സാവിത്രി വിളിക്കുന്ന രംഗം പാടേ അനാവശ്യമായിത്തോന്നി. ചെസുകളിക്കാരുടെ ഗ്രാമത്തിലേക്കു യാത്ര മുഴുവന്‍ നീട്ടിപ്പിടിച്ചു ചിത്രീകരിക്കുന്നത്. ആ യാത്രയില്‍ സാവിത്രിക്ക് ശിശിറിനോട് ലീന അടുത്തു പെരുമാറുന്നതില്‍ അസൂയ തോന്നുന്നു എന്നതും ശിശിര്‍ തോല്‍ക്കുന്നത് അവള്‍ക്ക് സഹിക്കുന്നില്ലന്നതും ചിത്രീകരിക്കാന്‍ മാത്രമാണ്. അതിന് ഇത്രയും നീണ്ട സീക്വന്സ്ത വേണ്ടിയിരുന്നില്ല. ഇങ്ങനെയൊക്കെ ഒന്നൊതുക്കിയിരുന്നെങ്കില്‍ ആഗസ്റ്റ് ക്ലബിന് ഇനിയും മിഴിവേറുമായിരുന്നു.
ചെസുഗ്രാമത്തിലെ യാത്രയിലുടനീളം കേള്‍ക്കുന്നത് അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് എന്ന പാട്ടാണ്. അതൊരു ദുസ്സൂചനയായി നിലകൊള്ളുന്നു. നന്ദനെ അകറ്റാനും വേലക്കാരിയെ അകറ്റാനും ഒക്കെ തിരക്കഥാകൃത്ത് അത്യദ്ധ്വാനം ചെയ്തതായി തോന്നും. ലൈംഗികത വിഷയമാക്കിയെന്നതും ലീന എന്ന കഥാപാത്രത്തെക്കൊണ്ട് കുറേ പച്ചത്തെറി പറയിച്ചു എന്നതും അല്ലാതെ ഈ സിനിമ അതിന്റെ ലക്ഷ്യം സാധൂകരിക്കുന്നതായി തോന്നിയില്ല. മുരളി ഗോപി കഥാപാത്രത്തിനു യോജിച്ചു. പ്രവീണിന്റെ ശിശിര്‍ ഒട്ടും ഉദ്വേഗം നല്കിയില്ല. റിമയ്ക്ക് പുരികം പൊക്കിയും താഴ്ത്തും രണ്ടു വ്യത്യസ്തരീതികളില്‍ അഭിനയിക്കാനറിയാം. അതു രണ്ടും റിമ അതിഗംഭീരമായി ആദിമദ്ധ്യാന്തം ചെയ്തിട്ടുണ്ട്. മൊത്തത്തില്‍, മികച്ച സാദ്ധ്യതയുണ്ടായിരുന്ന ഒരു സബ്‌ജക്ട് പറഞ്ഞു ഫലിപ്പിക്കുന്നതിലെ ഇട്ടുതല്ലുകൊണ്ട് നിഷ്ഫലമായ പ്രതീതി. ഒരുപക്ഷേ, അനന്തപത്മനാഭനിലും വേണുവിലും നിന്ന് ഇതിലേറേ പ്രതീക്ഷിക്കുന്നതിനാലാകാം. അവരുടെ അടുത്ത സംരംഭം അഭിമാനകരമാകട്ടെ എന്നാശംസിച്ചു നിര്‍ത്തുന്നു.

No comments:

Post a Comment