മുടിയില്‍ തൂങ്ങി നദി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം വന്ന സാഹസികന്‍ മരിച്ചു. പശ്ചിമ ബംഗാള്‍ പോലീസില്‍ ഹോം ഗാര്‍ഡായ ശൈലേന്ദ്ര നാഥ് റോയി (48) ആണ് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്.
മുടിയില്‍ തൂങ്ങി കൂടുതല്‍ ദൂരം സഞ്ചരിച്ചതിന്റെ ലോകറെക്കോഡ് നിലവില്‍ ശൈലേന്ദ്ര നാഥ് റോയുടെ പേരിലാണ്. 2011 മാര്‍ച്ച് 1ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് 270 അടി മുടിയില്‍ തൂങ്ങി സഞ്ചരിച്ച് റോയ് ലോകറെക്കോഡ് സ്ഥാപിച്ച്. തന്റെ പേരിലുള്ള റെക്കോഡ് തിരുത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
എഴുപത് അടി ഉയരത്തില്‍ സ്ഥാപിച്ച സിപ്പ് വയറിലൂടെ അറുന്നൂറ് അടി സഞ്ചരിക്കുകയായിരുന്നു ശൈലേന്ദ്രയുടെ ലക്ഷ്യം. ബംഗാളിലെ ഡാര്‍ജിലിംഗിലുള്ള തീസ്ത നദിക്ക് കുറുകെയായിരുന്നു മുടിയില്‍ തൂങ്ങിയുള്ള സാഹസിക പ്രകടനം. സമുദ്രനിരപ്പില്‍ നിന്നും 10000 അടി ഉയരത്തിലായിരുന്ന സാഹസിക പ്രകടനത്തിനുള്ള വേദി സജ്ജമാക്കിയിരുന്നത്.
നാല്‍പ്പത് ശതമാനത്തോളം ദൂരം മുടിയില്‍ തൂങ്ങി സഞ്ചരിച്ചതിന് ശേഷമാണ് കയറില്‍ ഘടിപ്പിച്ച കപ്പിയില്‍ മുടി കുടുങ്ങിയത്. കപ്പിയില്‍നിന്ന് മുടി വേര്‍പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. മുടി വേര്‍പെടുത്താന്‍ സാധിക്കാതെ വന്നപ്പോള്‍ കയ്യില്‍ തൂങ്ങി ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.
ശൈലേന്ദ്രയുടെ പ്രകടനം നേരിട്ട് കാണാന്‍ ആയിരക്കണക്കിന് പേരാണ് എത്തിയിരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ശൈലേന്ദ്ര മരണത്തിന് കീഴടങ്ങിയതിന് ശേഷവും കാണികളില്‍ ഭൂരിഭാഗവും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. റോയുടെ ശരീരം നിശ്ചലമായതോടെയാണ് സംഘാടകര്‍ അപകടം മണത്തത്.
എന്നാല്‍ 70 അടി ഉയരത്തിലായതിനാല്‍ ആര്‍ക്കും എളുപ്പത്തില്‍ ഒന്നും ചെയ്യാനാകുമായിരുന്നില്ല. 45 മിനിറ്റോളം മൃതദേഹം നദിക്കു കുറുകേ തൂങ്ങി കിടന്നതിന് ശേഷമാണ് ക്രെയിന്‍ ഉപയോഗിച്ചാണ് നിലത്തിറക്കാനായത്. നിലത്തിറക്കിയ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2012 സെപ്തംബറില്‍ മുടിയില്‍ ബന്ധിച്ച് 42 ടണ്‍ ഭാരമുള്ള ട്രെയിന്‍ 2.5 മീറ്റര്‍ വലിച്ചു നീക്കി റോയ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേസമയം സാഹസിക പ്രകടനത്തിന് ആവശ്യമായ മുന്‍കൂര്‍ അനുമതി റോയ് തേടിയിരുന്നില്ലെന്ന് സിലിഗുരി പോലീസ് കമ്മീഷണര്‍ കെ.ജയറാം പറഞ്ഞു.
No comments:
Post a Comment