Sunday

ഗോള്‍ഡ് ഈസ് ബോള്‍ഡ്, ബോള്‍ഡ് ഈസ് ഗോള്‍ഡ് ..


”തൃശൂരിനു തിലകക്കുറിയായി സ്വര്‍ണത്തിളക്കത്തിന്റെ ആത്മഹര്‍ഷമേകും രോമാഞ്ചമായി, കുടമാറ്റത്തിന്റെ കുളിര്‍ചൂടി, ചെറമ്മല്‍ ഗോള്‍ഡ്. ഗോള്‍ഡ് ഈസ് ബോള്‍ഡ്, ബോള്‍ഡ് ഈസ് ഗോള്‍ഡ് ” അരിപ്രാഞ്ചിയുടെ സ്വര്‍ണക്കടയ്ക്ക് പ്രാഞ്ച്യേട്ടന്‍ തന്നെ പറയുന്ന പരസ്യവാചകങ്ങളാണിത്. ഈ ടൈപ്പ് ഒരു പരസ്യം കൊണ്ട് കടയിലാളു കേറില്ല എന്നു പരസ്യക്കമ്പനിക്കാരോട് പറയേണ്ട കാര്യമില്ല. അതുകൊണ്ട് സ്വര്‍ണക്കടയുടെ പരസ്യങ്ങള്‍ക്ക് സ്ഥിരം ഒരു ഫോര്‍മാറ്റ് ഉണ്ടാക്കിയിട്ടുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ടാണ് എല്ലാ പരസ്യങ്ങളും. ചേരുവകളും കൃത്യമാണ്. മുടി നരച്ച് സുന്ദരിയായ ഒരമ്മൂമ്മ, വെളുത്ത് മെലിഞ്ഞ് സുന്ദരിയായ ചെറുമകള്‍, കണ്ണട വച്ച് സില്‍ക്ക് ജുബ്ബയിട്ട അച്ഛന്‍, പട്ടുസാരിയുടുത്ത സുന്ദരിയായ അമ്മ, 100 വര്‍ഷം പഴക്കമുള്ള ആമാടപ്പെട്ടി ഒന്ന്, 10 വയസില്‍ താഴെയുള്ള സുന്ദരിയായ പെണ്‍കുട്ടി ഒന്ന്. ഇവരെയെല്ലാം വച്ചുള്ള തിരക്കഥകളിലാണ് എല്ലാ സ്വര്‍ണക്കട പരസ്യങ്ങളും അണിയിച്ചൊരുക്കുന്നത്.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നിടത്തേക്ക് അമ്മൂമ്മ അമാടപ്പെട്ടിയുമായി കടന്നു വരുന്നു. പെട്ടി തുറക്കുന്നു തിളങ്ങുന്ന പുതുപുത്തന്‍ നെക്ലേസ് പുറതത്തെടുത്ത് ചെറുമകളുടെ കഴുത്തിലണിയിച്ചുകൊണ്ട് ഇമോഷണലായി പറയുന്നു: 200 വര്‍ഷം മുമ്പ് എന്റെ അമ്മൂമ്മേടെ കല്യാണത്തിന് അമ്മൂമ്മേടെ അമ്മൂമ്മ കൊടുത്തതാണ് ഈ മാല. അത് കൈമാറി കൈമാറി ഇവിടം വരെയെത്തി, ഇതണിഞ്ഞാല്‍ ദാമ്പത്യജീവിതം പുഷ്കലമായിരിക്കും, കാരണം ഇത് നമ്മുടെ സ്വന്തം കടേന്നു വാങ്ങിച്ചതാണ്. അപ്പോ അച്ഛനോ അമ്മയോ ആരെങ്കിലും വന്നു പറയുന്നു, അമ്മേ എല്ലാ ആഭരണങ്ങളും ആ കടേന്നു തന്നെയാണ് വാങ്ങിയിരിക്കുന്നത്. സന്തോഷം കൊണ്ട് അമ്മൂമ്മ നെഞ്ചത്തടിയായി നിലവിളിയായി. കടയ്ക്ക് ലോകാരഭത്തോളം പഴക്കമുണ്ട് എന്നു സ്ഥാപിക്കുന്നതിനു വേണ്ടിയാണ് സ്വര്‍ണക്കടകളുടെ പരസ്യത്തില്‍ അമ്മൂമ്മ സ്ഥിരം കഥാപാത്രമാകുന്നത്. അതുപോലെ പെണ്ണിനെ അണിയിച്ചൊരുക്കുനനിടത്ത് ആഭരണമെടുത്ത് കളിക്കുന്ന കൊച്ചുപെണ്‍കുട്ടി പുതുതലമുറപോലും സ്വര്‍ണത്തിനു വേണ്ടി മരിക്കാന്‍ നില്‍ക്കുന്നത് ഈ കടയിലെ ഡിസൈനുകള്‍ കണ്ടിട്ടാണെന്നൊരു സൂചനയുമുണ്ട്. വിവാഹമേ വേണ്ട എന്നു പറഞ്ഞ് ഉടക്കി നില്‍ക്കുന്ന കന്യക ആഭരണം കണ്ട് കല്യാണദിവസം ഇതെല്ലാം കൂടി അണിഞ്ഞ് നാട്ടുകാരുടെ മുന്നില്‍ ഫോട്ടോയ്ക്കു പോസ് ചെയ്യാമല്ലോ എന്നു വിചാരിച്ച് തീരുമാനം മാറ്റുന്നതും ഇഷ്ടമില്ലാത്ത ചെക്കന്‍ പെണ്ണിന്റെ ഫേവറിറ്റ് സ്വര്‍ണക്കടയില്‍ നിന്നുള്ള ആഭരണം സമ്മാനിക്കുന്നതോടെ പെണ്ണ് കല്യാണത്തിനു സമ്മതിക്കുന്നതുമൊക്കെയാണ് സ്വര്‍ണക്കടകളുടെ പരസ്യചിത്രങ്ങളുടെ പ്രമേയം.
സ്വര്‍ണക്കടകളുടെ കാര്യമിങ്ങനെയാണെങ്കില്‍ ബ്രാന്‍ഡഡ് ആഭരണങ്ങളും വജ്രാഭരണ ബ്രാന്‍ഡുകളും പയറ്റുന്നത് വേറെ തന്ത്രമാണ്. വിവാഹശേഷം ഓരോ വിവാഹവാര്‍ഷികത്തിനും അവരുടെ ഒാരോ ആഭരണങ്ങള്‍ ഭാര്യക്കു സമ്മാനിച്ചില്ലെങ്കില്‍ സംഗതി ഡൈവോഴ്സ് ആകുമെന്ന മട്ടിലാണ് പരസ്യങ്ങള്‍. ദാമ്പത്യബന്ധത്തിന്റെ അടിത്തറ ആഭരണങ്ങളിലാണ് പണിയേണ്ടത് എന്നു പാവം പ്രേക്ഷകര്‍ക്കു തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല.
സ്വര്‍ണം മുതല്‍ ചോക്ലേറ്റ് വരെ വിപുലമായ ശ്രേണിയിലെ ഉല്‍പന്നങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒന്നാണ് ഒളിച്ചോട്ടം. പരസ്യത്തിലെ നായിക കാമുകന്റെ കൂടെ ഒളിച്ചോടുന്ന രാത്രി ആണ് പരസ്യം ചിത്രീകരിക്കുന്നത്. പരസ്യം കണ്ടാല്‍ വിവാഹം കഴിക്കുന്നതിന് കേരളത്തില്‍ നിലവിലുള്ള ഒരാചാരമാണ് ഈ ഒളിച്ചോട്ടം എന്നു തോന്നും. ഒരു ചോക്ലേറ്റിന്റെ പരസ്യത്തില്‍ നായിക ഇങ്ങനെ കഷ്ടപ്പെട്ട് മതിലുചാടി പുറത്ത് കാമുകന്റെ കാറിലെത്തുമ്പോള്‍ നായികയുടെ അപ്പച്ചനും അമ്മച്ചിയും ചേട്ടായിയും കാമുകന്റെ കാറിന്റെ ബാക്സീറ്റിലിരുന്ന് ശുഭാശംസ നേരുകയാണ്. നല്ല ബെസ്റ്റ് ഫാമിലി എന്ന ആത്മഗതത്തിനു പുറമേ കാമുകനെ വിശ്വസിച്ച് ബാഗുമെടുത്ത് ചാടി വന്ന നായിക ആരായി എന്നൊരു ചോദ്യവുമുണ്ട്. മറ്റൊരു പരസ്യത്തില്‍ നായിക ഒളിച്ചോടി കാമുകനോടൊപ്പം പോകുന്ന വഴിയില്‍ ഫാദര്‍ നമ്മുടെ സ്വര്‍ണക്കടയില്‍ നിന്നു കുഞ്ഞുന്നാളു മുതല്‍ വാങ്ങിച്ചു കൊടുത്തിട്ടുള്ള ആഭരണങ്ങളെപ്പറ്റിയെല്ലാം ഓര്‍ക്കുകയും ഇത്രേം ഓര്‍ണമെന്റ്സ് വാങ്ങിച്ചുകൊടുത്ത ഡാഡിയെ ഉപേക്ഷിച്ചാണല്ലോ ഒരു മണകുണാഞ്ചന്റെ കൂടെ ഇറങ്ങിപ്പോയതെന്ന കുറ്റബോധം കാരണം കാമുകനെ വഴിയാധാരമാക്കി നായിക വീട്ടിലേക്കു മടങ്ങുകയാണ്. മറ്റൊരു പരസ്യത്തില്‍ ജനാലവഴി കാമുകന്റെ അടുത്തേക്ക് സാരിയില്‍ തൂങ്ങിയിറങ്ങുന്ന കാമുകി വീട്ടിലെ അടുക്കളയില്‍ നമ്മുടെ ബ്രാന്‍ഡ് ഉല്‍പന്നം പാചകം ചെയ്യുന്ന സുഗന്ധത്താല്‍ മനംമാറി തിരികെ മുകളിലേക്കു തന്നെ കയറുകയാണ്. ഒരു പെണ്ണിന് അവളുടെ കാമുകനെ വഞ്ചിക്കാന്‍ ഒന്നും ഒരു തടസ്സമല്ല എന്ന സന്ദേശമാണ് ഈ പരസ്യങ്ങള്‍ സമ്മാനിക്കുന്നത്.
അടിവസ്ത്രം ധരിക്കാത്തത് ഒരു കുറ്റമല്ല. എന്നാല്‍ പ്രാണരക്ഷാര്‍ത്ഥമാണ് ഒരാള്‍ അടിവസ്ത്രം ധരിക്കേണ്ട എന്നു തീരുമാനിക്കുന്നതെങ്കില്‍ അതിനു കാരണം പരസ്യങ്ങള്‍ മാത്രമാണ്. പുരുഷപീഡനം എന്നു കേട്ടിട്ടുണ്ടെങ്കിലും സംഗതി എന്താണെന്നു വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ ചില പരസ്യങ്ങള്‍ കാണണം. പുരുഷന്മാരുടെ അടിവസ്ത്രത്തിന്റെ പരസ്യത്തിന് അന്നും ഇന്നും ഒരേ തീം ആണ്. പരസ്യത്തില്‍ പറയുന്ന ബ്രാന്‍ഡിന്റെ അടിവസ്ത്രം ധരിച്ചു പുറത്തിറങ്ങിയാല്‍ ആ ചെറുപ്പക്കാരനെ പെണ്‍കുട്ടികള്‍ എവിടെയെങ്കിലുമൊക്കെ വച്ച് കൂട്ടബലാല്‍സംഗം ചെയ്യും എന്നാണ് പരസ്യം നല്‍കുന്ന സന്ദേശം. ഏതു പുരുഷനെ കണ്ടാലും അയാളുടെ ജട്ടിയുടെ ബ്രാന്‍ഡ് ഏതാണെന്നാണത്രേ സ്ത്രീകള്‍ അന്വേഷിക്കുന്നത്. പരസ്യത്തിലെ ബ്രാന്‍ഡാണെങ്കില്‍ പിന്നെ അവനെ എവിടെയെങ്കിലുമിട്ട് പിടിച്ച് ഷര്‍ട്ടും പാന്റുമെല്ലാം ഊരിക്കളഞ്ഞ് ജട്ടിയോടെ കണ്ടാസ്വദിച്ച് ദേഹമാസകലം ചുബിച്ചെങ്കിലേ സ്ത്രീകള്‍ക്ക് സമാധാനം കിട്ടുകയുള്ളൂ (ചത്താലും ജട്ടി ഊരില്ല). ഇത്തരത്തില്‍ ദേഹമാസകലം ചുംബനത്തിന്റെ ലിപ്സ്റ്റിക് പാടുകളുമായി ഒരുത്തന്‍ ജട്ടിയിട്ടു നില്‍ക്കുന്നതാണ് ഒരു പരസ്യം. മറ്റൊന്നില്‍ പരസ്യം നിര്‍മിച്ച കമ്പനിയുടെ ബ്രാന്‍ഡ് ജട്ടി ധരിച്ച പുരുഷനു പുറമേ സ്ത്രീകള്‍ ഓടുകയാണ്.
ഡിയോഡറന്റ്, ബോഡി സ്പ്രേകളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. പരസ്യത്തില്‍ പറയുന്ന ഡിയോ സ്പ്രേ പൂശി പുറത്തിറങ്ങിയാല്‍ പച്ചക്കറി വാങ്ങാനും മരുന്നുവാങ്ങാനും ഓഫിസില്‍ പോകാനുമൊക്കെയായി തെരുവിലേക്കിറങ്ങിയ നൂറുകണക്കിനു സ്ത്രീകള്‍ തങ്ങളുടെ ലക്ഷ്യം മറന്ന് കാമഭ്രാന്തു മൂലം ഈ ചെറുപ്പക്കാരനെ പിടികൂടി ബലാല്‍സംഗം ചെയ്യുന്നതാണ് മിക്കവാറും ബോഡി സ്പ്രേകളുടെയും പരസ്യത്തിന്റെ ഉള്ളടക്കം. Irresistable എന്ന വാക്കിന്റെ അര്‍ത്ഥം മാറ്റി സ്ത്രീകളുടെ കാമഭ്രാന്ത് എന്നു പുനര്‍നിര്‍വചിച്ചിരിക്കുകയാണ് ഈ പരസ്യങ്ങള്‍.
ജീന്‍സിന്റെ പരസ്യവും ഇങ്ങനെ തന്നെ. പരസ്യത്തില്‍ പറയുന്ന ജീന്‍സ് ധരിക്കുന്ന നായകന്‍ വേറെ ഒന്നും ധരിക്കില്ല എന്നു മാത്രമല്ല, ആ ജീന്‍സ് ഊരുകയോ അലക്കുകയോ പോലും ചെയ്യില്ല. ജീന്‍സുമാത്രം ധരിച്ച സിക്സ് പായ്ക്ക് നായകന്‍ നടന്നുപോകുമ്പോള്‍ ജീന്‍സിന്റെ പിന്നിലെഴുതിയിരിക്കുന്ന ബ്രാന്‍ഡ് നെയിം വായിക്കുകയും ചെറുപ്പക്കാരന്റെ പിന്നാലെ കൂടുകയും പറ്റിയ സ്ഥലത്ത് വച്ച് അയാളെ ബലാല്‍സംഗം ചെയ്യുകയും ചെയ്യുകയാണ്. ജീന്‍സിനോടുള്ള ഇഷ്ടം കൊണ്ട് അതിട്ടവനെ ഉപദ്രവിക്കുന്നതിന് എന്തു ലോജിക്കാണെന്ന് ആലോചിക്കാന്‍ പ്രേക്ഷകന് അവകാശമില്ല. പരസ്യമേതായാലും, ഉല്‍പന്നം ഏതായാലും, ബ്രാന്‍ഡ് ഏതായാലും, പുരുഷന്മാരെല്ലാം സ്ത്രീകളാല്‍ ബലാല്‍സംഗം ചെയ്യപ്പെടാനാഗ്രഹിക്കുന്നു എന്ന ഞരമ്പുരോഗ സന്ദേശമാണ് പരസ്യക്കമ്പനിയിലെ ക്രിയേറ്റീവ് ഡയറക്ടര്‍മാര്‍ പങ്കുവയ്ക്കുന്നത്. 

No comments:

Post a Comment