Wednesday

ശൂന്യത ഒരു അശ്ലീലമാണോ ?



മന്ത്രി പി.ജെ.ജോസഫ് എസ്എംഎസിലൂടെ ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്ന കേസില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പക്ഷെ പല വാര്‍ത്തകളിലും കാണുന്നത് പി.ജെ.ജോസഫ് ഒരു സ്ത്രീയ്‍ക്ക് അശ്ലീലഎസ്എംഎസ് അയച്ച സംഭവം എന്നാണ്. എന്നാല്‍, സത്യത്തില്‍ സന്ദേശമൊന്നുമില്ലാത്ത ബ്ലാങ്ക് എസ്എംഎസുകളാണ് അദ്ദേഹം അയച്ചിരിക്കുന്നതെന്ന് പരാതിയിലും ബിഎസ്എന്‍എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ റിപ്പോര്‍ട്ടിലും പറയുന്നു. ശൂന്യത പവിത്രവും ദൈവികവുമായ, ആദിയും ആന്ത്യവും സൂചിപ്പിക്കുന്ന നിഷ്കളങ്കമായ അവസ്ഥയല്ലേ ? അതിനെ അശ്ലീലമെന്ന് വിശേഷിപ്പിച്ച് ജോസഫ് സാറിനെ കോടതി കയറ്റുന്നത് നീതിയാണോ ? എന്റെ സംശയം മാത്രമാണ്.
കുറ്റകരമായ എസ്എംഎസ് അയയ്ക്കല്‍ , സ്ത്രീകളെ അധിക്ഷേപിക്കല്‍, മര്യാദലംഘനം,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം സ്വദേശിനി സുരഭി ദാസ് നല്‍കിയ പരാതിയില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നത്രേ. ചില ഓണ്‍ലൈന്‍ നിരൂപകന്മാര്‍ സിനിമയെ വ്യാഖ്യാനിക്കുന്നതുപോലെ ശൂന്യമായ മൊബൈല്‍ സ്ക്രീനിലേക്കു നോക്കി വന്ദ്യവയോധികനായ ജോസഫയച്ച എസ്എംഎസുകളെ ഇത്ര ഗംഭീരമായി വ്യാഖ്യാനിച്ചത് മോശമായിപ്പോയി എന്നാണ് എന്റെ അഭിപ്രായം.
എന്റെ സംശയം പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടി സാറിനെതിരേ എന്തോ പറഞ്ഞ വിജിലന്‍സ് ജഡ്‍ജിക്കെതിരേ വികാരഭരിതനായി അത്യുന്നതങ്ങളിലേക്കു കത്തയച്ച ജോസഫിന്റെ ശിഷ്യനും ഗുരുവും ഒക്കെയായ പി.സി.ജോര്‍ജിന് ഈ കേസിലോ കോടതി നടപടിയിലോ യാതൊരു വികാരാധീനതയും തോന്നാത്തത് എന്തുകൊണ്ടാണെന്നാണ്. മാത്രവുമല്ല, പി.ജെ.ജോസഫിനോ അദ്ദേഹത്തിന്റെ എസ്എംഎസുകള്‍ക്കോ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന മട്ടില്‍ ചീഫ് വിപ്പ് എന്തൊക്കെയോ ഇന്നു പറഞ്ഞിട്ടുമുണ്ട്. ഇനിയിപ്പോ ഇത് കറങ്ങിത്തിരിഞ്ഞ് തനിക്കിട്ടൊരു പണി കിട്ടേണ്ട എന്നു കരുതി തനിക്ക് എസ്എംഎസ് അയക്കാന്‍ അറിയില്ല എന്നും പി.സി.ജോര്‍ജ് പറഞ്ഞിട്ടുണ്ട്.ഇതിനു മുമ്പത്തെ പത്രസമ്മേളനത്തില്‍ താനൊരു വിദ്യാര്‍ഥിയാണെന്നും പലതും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞ ആശാനാണ് എസ്എംഎസ് അയക്കാനറിയില്ല എന്നു പറഞ്ഞിരിക്കുന്നത്.ആശാനേ അതു പഠിക്കണം. വല്യ പാടൊന്നുമില്ല. അതറിഞ്ഞാല്‍ വിപ്പ് വരെ എസ്എംഎസ് വഴി കൊടുക്കാന്‍ പറ്റും.
പി.സി.ജോര്‍ജിനറിയില്ലെങ്കിലും അദ്ദേഹത്തിന്റെ മകനും യുവനേതാവും വക്കീലുമായ അഡ്വ.ഷോണ്‍ ജോര്‍ജിന് എസ്എംഎസ് എന്താണെന്നും അത് എന്തിനാണെന്നും അറിയാം. പി.സി.ജോര്‍ജിനെ അപമാനിക്കുന്ന തരത്തില്‍ ഷോണിന്റെ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് അയച്ച എസ്എഫ്ഐ പൂഞ്ഞാര്‍ ഏരിയ സെക്രട്ടറിക്കെതിരെ ഷോണ്‍ കേസു കൊടുക്കുകയും ഏരിയാ സെക്രട്ടറിയെ ഇന്നു പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ആകെമൊത്തം കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം എസ്എംഎസുകളില്‍ ചുറ്റിത്തിരിയുകയാണ്. മാണിസാറ് അയച്ചിട്ടുള്ള എസ്എംഎസുകള്‍ വിക്കിലീക്ക്‍സിലൂടെ വരാതിരിക്കട്ടെ എന്നാശംസിക്കുന്നു.
ഗുണപാഠം: സ്ത്രീകള്‍ക്ക് എസ്എംഎസ് അയക്കുമ്പോള്‍ അതില്‍ രണ്ട് തെറിയെങ്കിലും ടൈപ്പ് ചെയ്തിരിക്കണം.ഒന്നുമെഴുതാതെ എസ്എംഎസ് അയക്കുന്നത് കുറ്റകരമാണ്. പറഞ്ഞതുപോലെ, ശൂന്യത അശ്ലീലമാണ്. 

No comments:

Post a Comment